New Site

Saturday, April 30, 2011

കമല്‍-ജയറാം ടീമിന്റെ ചിത്രം ചിങ്ങം ഒന്നിന് തുടങ്ങും


കമല്‍ ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ കെ. ഗിരീഷ്‌കുമാര്‍ എഴുതുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചിങ്ങം ഒന്നിന് തുടങ്ങും. താരനിര്‍ണയം പുരോഗമിക്കുകയാണ്.
കമല്‍ വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിനെ ആസ്പദമാക്കി പി.കെ. റോസിയുടെയും ജെ.സി. ഡാനിയേലിന്റെയും കഥ പറയുന്ന ചിത്രം ജയറാം-കമല്‍ ചിത്രത്തിനുശേഷം തുടങ്ങും. കറന്റ് ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ കെ.ജെ. ജോണി തിരക്കഥയെഴുതുന്നു.

ജനപ്രിയന്‍ Review



ആ ചെറുപ്പക്കാരന്റെ പേര് പ്രിയദര്‍ശന്‍ എന്നായിരുന്നു. പ്രിയന്‍ പരോപകാരിയായി മാറിയപ്പോള്‍ അവര്‍ ഒന്നായി വിളിച്ചു... ജനപ്രിയന്‍.
ജയസൂര്യ ജനപ്രിയനായി വരുന്നു. കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ നവാഗതനായ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജനപ്രിയന്‍. ചിത്രത്തില്‍ സാധാരണക്കാരനായ പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഭാമയാണ് ചിത്രത്തിലെ നായിക.

സ്‌പോട്ട് ലൈറ്റ് വിഷന്റെ ബാനറില്‍ മാമന്‍ ജോണും റീനാ എം. ജോണും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രദീപ് നായരാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. കോക്‌ടെയില്‍, ആഗസ്ത് 15 എന്നീ ചിത്രങ്ങള്‍ക്കുശേഷം പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര സംസാരിക്കുന്നു.

''ധൂര്‍ത്തനായ അച്ഛന്‍, കടംകയറിയപ്പോള്‍ ആത്മഹത്യ ചെയ്തു. അമ്മയെയും പെങ്ങളെയും സംരക്ഷിക്കേണ്ട ബാധ്യത ചെറിയ പ്രായത്തില്‍ തന്നെ പ്രിയദര്‍ശന്റെ തലയിലായി. ജീവിതം കരകയറ്റാന്‍ പിന്നീട് 24 മണിക്കൂറും ആ ചെറുപ്പക്കാരന്‍ അദ്ധ്വാനിച്ചു. ദൈവവിധിപോലെ ഗ്രാമത്തില്‍നിന്ന് സിറ്റിയിലേക്ക് അയാള്‍ക്ക് മാറേണ്ടിവന്നു. അയാള്‍ കടന്നുചെന്നത് അലസനും മടിയനും സുഖിമാനുമായ മറ്റൊരു ചെറുപ്പക്കാരന്റെ ജീവിതത്തിലേക്കായിരുന്നു. തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഗതി നിര്‍ണയിക്കുന്നത്.
'ഫോര്‍ ഫ്രന്‍ഡ്‌സ്' എന്ന ചിത്രത്തിനുശേഷം കൃഷ്ണ പൂജപ്പുര തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജയസൂര്യ വീണ്ടും പ്രധാന കഥാപാത്രമായെത്തുകയാണ്.

ജീജോ, ജോണി ആന്റണി എന്നീ സംവിധായകരുടെ സംവിധാന സഹായിയായ ബോബന്‍ സാമുവല്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ജനപ്രിയന്‍.''എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന ഒരു ലളിതമായ സബ്ജക്ടാണ് ഞങ്ങള്‍ ജനപ്രിയനുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്രാമത്തില്‍നിന്ന് നഗരത്തിലെ താലൂക്ക് ഓഫീസില്‍ ലീവ് വേക്കന്‍സിയില്‍ വന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറിയ പ്രിയദര്‍ശന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. നഗരജീവിതം ആ ചെറുപ്പക്കാരന്റെ ജീവിതം മാറ്റിമറിക്കുകയാണ്. ആ രസങ്ങളിലൂടെയാണ് ജനപ്രിയന്റെ യാത്ര'' -ബോബന്‍ പറയുന്നു.

Wednesday, April 27, 2011

അർജ്ജുനൻ സാക്ഷി (Arjunan Sakshi- Film Review)

എല്ലാം മുകളിലിരുന്ന് ഒരുവൻ കാണുന്നുണ്ട്  എന്ന്‌ പറയാറുണ്ട്. ഏതൊരു കുറ്റകൃത്യത്തിനും ഒരു സാക്ഷിയുമുണ്ടാവും. അത് മനുഷ്യനാവാം, മൃഗമാവാം, മരങ്ങളോ മണ്ണോ മഞ്ഞുതുള്ളിയോ ആവാം. എറണാകുളം കളക്ടറായിരുന്ന ഫിറോസ് മൂപ്പൻ (മുകേഷ്) കൊല്ലപ്പെട്ടിട്ട് 10 മാസം കഴിഞ്ഞിട്ടും തെളിവുകളില്ലാതെ സി.ബി.ഐ പോലും ആ കേസ് ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ മാതൃഭൂമി റിപ്പോർട്ടറായ അഞ്ജലി മേനോന്‌ (ആൻ അഗസ്റ്റിൻ) അർജ്ജുനൻ  എന്ന പേരിൽ ലഭിക്കുന്ന ഒരു കത്തിൽ നിന്നാണ്‌ തുടക്കം. താൻ കളക്ടറുടെ കൊലപാതകം നേരിട്ടു കണ്ടതാണെന്നും, നിയമപാലകരിലോ, നീതിന്യായവ്യവസ്ഥയിലോ സർക്കാരിലോ വിശ്വാസമില്ലാത്തതിനാൽ മുന്നോട്ടു വരാനാവില്ലെന്നും ആ കത്തിൽ പറയുന്നു. പത്രത്തിൽ ഈ കത്ത് പ്രസിദ്ധീകരിക്കുന്നതോടെ കൊലയാളികൾക്ക് ഇരിക്കപ്പൊറുതിയില്ലാതെ വരുന്നു. ഭീഷണിയുമായി നിരവധി കോളുകളും വീടുകയറി അക്രമവുമൊക്കെ കണ്ടുമടുത്ത ചേരുവകൾ. യാദൃശ്ചികമായി ഈയവസരത്തിൽ കൊച്ചിയിലെത്തുന്ന യുവ ആർക്കിടെക്റ്റായ റോയ് മാത്യൂ (പൃഥ്വിരാജ്) സാഹചര്യങ്ങളുടെ മറിമായം കൊണ്ട് അർജ്ജുനനായി തെറ്റിദ്ധരിക്കപ്പെടുന്നതോടെ കൊലയാളികൾ അയാളുടെ നേർക്കും അക്രമം അഴിച്ചുവിടുന്നു. ഈ രംഗത്തിനുവേണ്ടി ചെയ്തിരിക്കുന്ന ഒരു കാർ ചേസും അതിനെത്തുടർന്നുള്ള അപകടങ്ങളും പ്രേക്ഷകരിൽ ഭയമുണർത്താൻ പോന്നവയാണ്‌. കൊച്ചിയെ കേന്ദ്രീകരിച്ചുള്ള ഏതൊരു സിനിമയിലും ക്വൊട്ടേഷൻ, ഗുണ്ടായിസം തുടങ്ങിയവ അവിഭാജ്യഘടകമാണെന്ന് ഈ സംവിധായകനും നിർഭാഗ്യവശാൽ ധരിച്ചുവശായിരിക്കുന്നു. അങ്ങനെ സത്യം കണ്ടെത്താനുള്ള യാത്രയിൽ മറ്റു പല സത്യങ്ങളും മനസ്സിലാക്കി പ്രബലരായ കൊലയാളികളെ വലയിലാക്കുന്നിടത്ത് സിനിമ തീരുന്നു. ക്ളൈമാക്സ് എന്നത് ഒരു ക്രാഷ്‌ലാൻഡിങ്ങ് ആയിരുന്നില്ലേ എന്ന് തോന്നിപ്പിക്കും വിധമാണ്‌ സംവിധാനം. പൃഥ്വിരാജിന്റെ ഗെറ്റപ്പ് കൊള്ളാമെങ്കിലും കാര്യമായ സംഭാവന നൽകാൻ ഈ യുവനടനുമായില്ലെന്നത് മറ്റൊരു പോരായ്മയാണ്‌. നമ്മൾ എന്ന സിനിമയിലൂടെ നൂലുണ്ടയായി വന്ന് ക്ളാസ്‌മേറ്റ്സിൽ വാലുവാസുവായ വിജീഷ് തന്റെ ശരീരം നന്നായി ഒരുക്കിയെടുത്ത് മസിലും പെരുക്കി പൃഥ്വിക്കൊപ്പം മുഴുനീളകഥാപാത്രമായുണ്ട്. നെടുമുടി വേണു, ക്യാപ്റ്റൻ രാജു, തുടങ്ങിയവർക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നായികയായ ആൻ അഗസ്റ്റിന്റെയും സ്ഥിതി വ്യതസ്തമല്ല. വില്ലന്മാരായ (ബിജു മേനോനും സുരേഷ്‌കൃഷ്ണയുമടക്കം) എല്ലാവരും തനി ക്ളീഷേ പ്രകടനമാണ്‌ കാഴ്ചവെച്ചത്. സലിം കുമാറും സുരാജ് വെഞ്ഞാറമൂടുമൊന്നും ഓവറാക്കിയില്ല എന്നൊരു സമാധാനവുമുണ്ട്. വിജയരാഘവന്റെ പൊലീസ് വേഷവും പതിവുശൈലി തന്നെ. ജഗതിയുടെ കഥാപാത്രം മനസ്സിൽ തട്ടുന്നതാണ്‌. അവസാനത്തെ വലയിലാക്കൽ ഇവിടം സ്വർഗ്ഗമാണ്‌ എന്ന സിനിമയുടെ ക്ളൈമാക്സിനെ ഓർമ്മിപ്പിച്ചു. അനാവശ്യമായ ഒരു സ്റ്റണ്ട് സീൻ ക്ളൈമാക്സിന്റെ പകിട്ടുകളഞ്ഞു. ആദ്യപകുതി ചടുലമായിരുന്നെങ്കിലും ഇടവേളയ്ക്കു ശേഷം ആകെയൊരു അളിപുളിയായി. നല്ലൊരു ത്രില്ലറാക്കാമായിരുന്ന ഒരു സബ്ജെക്ട് രഞ്ജിത് ശങ്കറിന്റെ കയ്യിലൊതുങ്ങാതെ പോയ കാഴ്ചയ്‌ക്കാണ്‌ ഇവിടെ പ്രേക്ഷകൻ സാക്ഷിയായത്.

ലാസ്റ്റ് വേർഡ്: മൊത്തത്തിൽ തരക്കേടില്ല.
കഥ, തിരക്കഥ, സംവിധാനം: രഞ്ജിത് ശങ്കർ
അഭിനേതാക്കൾ: പൃഥ്വിരാജ്, ആൻ അഗസ്റ്റിൻ, ജഗതി ശ്രീകുമാർ, വിജയരാഘവൻ, ബിജു മേനോൻ, സുരേഷ് കൃഷ്ണ, ക്യാപ്റ്റൻ രാജു, ആനന്ദ്, സലിംകുമാർ, സുരാജ് വെഞ്ഞാറമൂട്‌, വിജീഷ് തുടങ്ങിയവർ.
ബാനർ: എസ് ആർ ടി. റിലീസ്

BY Jubin Jacob

ഷാജി കൈലാസും ഫാസിലും പിന്നെ കുറച്ചു ബോധമില്ലാത്ത സിനിമ നിര്‍മാതാക്കളും

Learn from mistakes' - ഏതു കൊച്ചു കുട്ടിയും അതികായനും ഒരു പോലെ മനസ്സില്‍ ഓര്‍ത്തിരിക്കേണ്ട ആപ്ത വാക്യം. ആ പറഞ്ഞതിന്റെ പ്രാധാന്യം എന്താണെന്നു അറിയാതെ എന്തൊക്കെയോ കാട്ടിക്കൂട്ടി പടച്ചു വിടുന്നവരുടെ മുന്‍ നിരയില്‍ തന്നെ സ്ഥാനം പിടിക്കുന്ന രണ്ടു പ്രധാന സംവിധായകരായി മാറിയിരിക്കുന്നു ഷാജി കൈലാസും ഫാസിലും.
എന്താണ് അവരുടെ സിനിമയുടെ 'കഥ' എന്ന് അവര്‍ക്ക് തന്നെ വല്ല പിടിയും ഉണ്ടോ എന്ന് സംശയം തോന്നുന്നു. കുറച്ചധികം വര്‍ഷങ്ങളായി രണ്ടു പേരും കഥയില്ലായ്മയുടെയും സൂപ്പര്‍ താര പരിവേഷങ്ങളുടെയും മായാ പ്രഭാവത്തില്‍ സ്വയം ബോധമില്ലാതെ ഒന്നിന് പുറകെ മറ്റൊന്നായി ഇത്തരം പടച്ചു വിടലുകള്‍ തുടങ്ങിയിട്ട്. നേരത്തെ പറഞ്ഞത് പോലെ രണ്ടു പേരെയും ഒന്ന് ചിക്കി ചികഞ്ഞു പരിശോധിച്ചാല്‍ ലഭിക്കുന്ന സാമ്യത ഒരേ ഒരു കാര്യം തന്നെ- 'രണ്ടു പേരും തങ്ങളുടെ തെറ്റുകളില്‍ നിന്ന് ഒന്നും നേരാം വിധം പഠിക്കാന്‍ ഇതേ വരെ തയ്യാറായിട്ടില്ല.'
                                   ഫാസിലിന്റെ കാര്യം മാത്രം എടുക്കുകയാണെങ്കില്‍, അദ്ധേഹത്തിന്റെ മേല്‍ അനിയത്തി പ്രാവിന്റെ ഭൂത ബാധ കയറിയിട്ട് കുറെ നാളായി. ഇത് വരെയായിട്ടും ആ 'കിക്ക് ' ഇറങ്ങിയിട്ടില്ലെന്ന് തോന്നുന്നു. 'മണിച്ചിത്രത്താഴും' 'നോക്കെത്താ ദൂരത്തും' 'പപ്പയുടെ സ്വന്തം അപ്പൂസും' എടുത്തത്‌ ഫാസില്‍ തന്നെ ആണോ എന്ന് വരെ ആളുടെ സമീപ ചിത്രങ്ങള്‍ കാണുമ്പോള്‍ സംശയം തോന്നുന്നു.
                                   'രണ്‍ജി പണിക്കരും' 'രഞ്ജിത്തും' കൈ വിട്ടതോടെ ഷാജി കൈലാസ് എന്ന  സംവിധായകനും തന്റെ മുന്‍ ചിത്രങ്ങളുടെ ആവര്‍ത്തന വിരസതയിലേക്ക്‌ കൂപ്പു കുത്തി. സൂപ്പര്‍ താരങ്ങളുടെ വക കുറച്ചു വളിപ്പ് 'punch dialogues' ഉം action sequence ഉം, പിന്നെ don max നെ ക്കൊണ്ട് കുറച്ചു എഡിറ്റിംഗ് gimmick കളും ചെയ്യിപ്പിച്ചാല്‍ എല്ലാം തികഞ്ഞ ഒരു സിനിമ ആയി എന്ന  മൂഡ ധാരണയിലാണ് കുറെ നാളുകളായി ഈ സംവിധായകന്‍.      ഈ രണ്ടു പേരെയും തേടി ഇപ്പോഴും producers നടക്കുന്നത് കാണുമ്പോള്‍ malayala cinema producers വെറും പൊണ്ണന്മാര്‍ ആണോ എന്ന് തോന്നി പോകുന്നു.

സിനിമ എന്നത് സംവിധായകന്റെ കലയാണ്‌. അത് എത്ര മാത്രം തന്മയത്വത്തോടും പുതുമയോടും കൂടി അവതരിപ്പിക്കുന്നതിലാണ് സംവിധായകന്‍ തന്റെ കഴിവ് പുലര്‍ത്തേണ്ടത്. നിരവധി കലാ രൂപങ്ങളുടെ സമഞ്ജസ സമ്മേളനമായ  ഈ കലാ രൂപത്തെ വൈവിധ്യവും ഈടുറ്റതുമായ മികച്ചൊരു കഥാ സൃഷ്ടിയുടെ strong support ഓടു കൂടി പ്രേക്ഷകരെ പുതിയ തലങ്ങളിലേക്ക് പിടിച്ചുയര്‍ത്തുന്ന treatment കളിലേക്ക് മലയാള സിനിമയെ നയിക്കുവാനായി പുത്തന്‍ ചിന്ത ധാരകളും അനുഭവങ്ങളും കൈ മുതലായുള്ള നല്ല സംവിധായകരും എഴുത്തുകാരും techniciansമാരുമെല്ലാം കൂടുതലായി കടന്നു വരേണ്ട സമയം നന്നേ അതിക്രമിച്ചിരിക്കുന്നു.

പറയാന്‍ മനസ്സില്ല...

കോയമ്പത്തൂര്‍ ബൈപ്പാസിലൂടെ പാലക്കാട്ടേക്ക് നൂറ്റിപ്പത്ത് കിലോമീറ്റര്‍ വേഗതയില്‍ വരുന്ന കാര്‍. അതിനെ പിന്തുടര്‍ന്ന് വരുന്ന മാദ്ധ്യമ സംഘങ്ങളുടെ 200ല്‍ പരം വാഹനങ്ങള്‍. പരിപാടി തത്സമയം റിലേ ചെയ്യുവാന്‍ ക്യൂ നില്‍ക്കുന്ന സി എന്‍ എന്‍ ഐ.ബി.എന്‍ പോലുള്ള ടോപ്പ് മാദ്ധ്യമങ്ങള്‍ വേറെ. വാര്‍ത്തയറിഞ്ഞ് അടുത്ത വിമാനം ചാര്‍ട്ട് ചെയ്ത് കേരളത്തിലേക്ക് വരുന്ന പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും. ഇതിലൊന്നും പെടാതെ ഇങ്ങകലെ ചെറുപ്പുളശ്ശേരിയില്‍ ആത്മഹത്യ ചെയ്യുവാന്‍ പ്ലാവിന്റെ മുകളില്‍ കയറുമായി വലിഞ്ഞ് കയറുന്ന തോട്ടത്തില്‍ കുമാരന്റെ മകള്‍ ഉഷ....

''ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് കുട്ടികളെ രായുമോന്റെ കല്ല്യാണം നേരത്തെ അറീക്കാഞ്ഞത്'' എന്ന് മല്ലികചേച്ചി പറയും. ആഴ്ചകള്‍ക്ക് മുമ്പ് ഒന്നാം നമ്പര്‍ മലയാള വനിതാ പ്രസിദ്ധീകരണത്തില്‍ രായുമോന്റെ ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. അന്ന് രായുമോന്‍ തനിക്ക് മദ്ധ്യമ പ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ എല്ലാ മാദ്ധ്യമങ്ങളെയും കേറി മേയുന്നതും കണ്ടു. ''അങ്ങനെയൊരു കുട്ടിയുണ്ടെങ്കില്‍ ആ കുട്ടിയോട് ഞാന്‍ മാപ്പു ചോദിക്കുന്നു. ഇങ്ങനെയൊന്നും ആരും പറയരുത്. മാദ്ധ്യമധര്‍മ്മം എന്ന ഒരു സാധനം അറിയാത്തവര്‍ ഉണ്ടാക്കിയ വാര്‍ത്തയാണിത്... എ പെറ്റി സ്‌ക്വാഷിക് മാറ്റസ് സക്ക് ബുക്ക് സെപ്പാസ് വാഷ്ട്ടദസ് ബിറ്റവീന്‍ മൂക്ക് നാക്ക് പാഷസ്‌നസ്.....''

എന്തിനായിരുന്നു രായുമോനെ ഇത്. കല്ല്യാണമായി എന്ന് അറിഞ്ഞാല്‍ ആരെങ്കിലും പോയി പെണ്‍കുട്ടിയോട് ''ഡി കൊച്ചേ.. നിനക്ക് അവനയല്ലാതെ വേറെയാരെയും കിട്ടിയില്ലേ? അവനെ നീ കെട്ടിയാല്‍ നിന്റെ കാര്യം കട്ടപ്പൊകയാണ് കേട്ടാ...'' എന്ന് പറയുമായിരുന്നോ? അതോ ആദ്യഭാര്യയും പിള്ളേരും കല്ല്യാണപന്തലില്‍ വന്ന് പ്രശ്‌നമുണ്ടാക്കും എന്ന് കരുതിയാണോ? ജനിച്ചപ്പോഴെ കൊണ്ടുവന്ന പേരും പ്രശസ്തിയുമൊന്നുമല്ലല്ലോ ഇപ്പോഴുള്ളത്? പകല്‍ മുഴുവന്‍ പണിയെടുത്ത് കിട്ടുന്ന കൂലിയുടെ ഒരു വിഹിതം കൊണ്ട് വന്ന് അന്‍വറിനും താന്തോന്നിക്കുമൊക്കെ വീതിച്ചുകൊടുത്ത പാവങ്ങളല്ലേ രായുമോനെ നിന്നെയൊരു ബി.എം.ഡബ്ല്യൂവിന്റെയൊക്കെ ഉടമയാക്കി മാറ്റിയത്. വേറെ ആരെ മറന്നാലും അവരെ മറക്കല്ല് കുട്ടാ... ദൈവം പൊറുക്കൂല.

മാദ്ധ്യമങ്ങള്‍ പിന്നാലെ നടന്ന് കല്ല്യാണം എപ്പോള്‍... കല്ല്യാണം എപ്പോള്‍ എന്ന് ചോദിക്കുന്നത് പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ടാണെന്ന് ധരിച്ചതെങ്കില്‍ തെറ്റി. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഉള്ള എല്ലാ മാദ്ധ്യമങ്ങളുടെ അളവ് എടുത്താല്‍ പത്തുപേര്‍ക്ക് ഒന്ന് വച്ച് കാണും. എന്നും എന്തെങ്കിലും എടുത്ത് പ്രൈം ടൈം ന്യൂസെന്നും പറഞ്ഞുകൊണ്ട് അലക്കണ്ടേ? അതിനുവേണ്ടി അവര്‍ പാടുപെടുന്നു. അല്ലാതെ രായുമോന്‍ കല്ല്യാണം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞാല്‍ ആണുങ്ങള്‍ക്ക് രോമാഞ്ചവും പെണ്ണുങ്ങള്‍ക്ക് തളര്‍ച്ചയുമൊന്നും വരില്ല.

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രണ്ടു പിള്ളേരുടേയും കല്ല്യാണം എല്ലാവരെയും അറിയിച്ചു. പിള്ളേരുടെ കല്ല്യാണമാണെന്ന് പറഞ്ഞാലും റോള് മുഴുവന്‍ രജനിക്കാണല്ലോ. എല്ലാ മാദ്ധ്യമങ്ങളും വന്നു. നേരാംവണ്ണം കല്ല്യാണം നടന്നു. കല്ല്യാണം എല്ലാപേരും കാണുകയും ചെയ്തു. ഒരു അലമ്പും ആരും കാണിച്ചില്ല... കണ്ടതുമില്ല. അതുപോലെതന്നെ മിക്കവാറുമുള്ള എല്ലാ തമിഴ്‌നടന്‍മാരുടേയും കാര്യം. മലയാളത്തിലും അങ്ങനെയൊക്കെതന്നെ. ഒന്നുമില്ലെങ്കിലും സ്വന്തം ചേട്ടന്റെ കാര്യമെങ്കിലും നോക്കാമായിരുന്നു.

അതിനിപ്പോള്‍ എന്താ? ഈ തമിഴ്‌നടന്‍ രജനി എവിടകിടക്കുന്നു? അന്താരാഷ്ട്ര നടന്‍ രായുമോന്‍ എവിടെ കിടക്കുന്നു? കല്ല്യാണമാണെന്ന് അറിഞ്ഞ് ജനീവയില്‍ നിന്നും പോര്‍ട്ടുഗീസില്‍ നിന്നും പഴയ ഓസ്‌ട്രേലിയയില്‍ നിന്നുമൊക്കെ പെണ്‍കൊടികള്‍ ''Oh... Raju...  don't go... Oh...  Raju... don't go... '' എന്ന് പറഞ്ഞ് പറന്നിറങ്ങിയാലോ?

പത്രക്കാര്‍ മെയ് 1 ന് നടക്കുന്ന വിവാഹ സല്‍ക്കാരത്തിന്റെ പടം പിടിക്കാന്‍ പോകുമോ? പോകുമായിരിക്കും. അഭിമാനവും നോക്കിക്കൊണ്ടിരുന്നാല്‍ വീട്ടില്‍ അരി വാങ്ങിക്കണ്ടേ?


കുറിപ്പ്: രായുമോന്റെ പുതിയ കണ്ടു പിടുത്തം- എന്റെയും മമ്മൂട്ടിയുടേയും അഭിനയം ഒരുപോലെയാണ്. അതായത് അഭിനയിക്കാന്‍ തുടങ്ങിയാല്‍ ആ കഥാപാത്രമായി അങ്ങ് മാറും. മാറി മാറി മാറി മാറി വരുമ്പോഴാണ്.... പെട്ടന്ന് ഞട്ടി ഉണരുന്നത്. നോക്കുമ്പോള്‍ ചുറ്റാകെ ഇരുട്ട് മാത്രം. പിന്നെ കുറേസമയത്തേക്ക് ഉറങ്ങാന്‍ കഴിയില്ല. ഹൊറിബിള്‍.....

വിലക്കിന്‍റെ കാലം കഴിഞ്ഞു, തിലകന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം

വിലക്കിന്‍റെ കാലം കഴിഞ്ഞു, തിലകന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം  
PRO
മലയാള സിനിമയില്‍ വിലക്കിന്‍റെ കാലം അവസാനിക്കുകയാണ്. നടന്‍ തിലകന്‍ പൂര്‍വാധികം ശക്തിയോടെ മലയാള സിനിമയില്‍ സജീവമാകുന്നു. തിലകനെതിരായ വിലക്ക് ഫെഫ്ക പിന്‍‌വലിച്ചതോടെ തിലകന്‍റെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നില്‍ക്കുന്നു.

മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് തിലകന്‍ തിരിച്ചെത്തുന്നത് ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ്. മോഹന്‍ലാല്‍ നായകനാകുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ തിലകന്‍ അവതരിപ്പിക്കും എന്നാണ് സൂചന. മേയ് അവസാനമാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന.

‘എന്‍റെ ചിത്രത്തില്‍ തിലകന്‍ ചേട്ടന് യോജിക്കുന്ന ഒരു വേഷമുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തെ സഹകരിപ്പിക്കും” - എന്ന് തിലകനെതിരെ വിലക്കുവന്ന സമയത്തുതന്നെ സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തില്‍ തിലകന്‍ അഭിനയിക്കുന്ന കാര്യം ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

ഷീലയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരം. മനസ്സിനക്കരെയ്ക്ക് ശേഷം സത്യന്‍ ചിത്രത്തില്‍ വീണ്ടും ഷീല എത്തുകയാണ്. പത്മപ്രിയ, ബിജുമേനോന്‍, ഇന്നസെന്‍റ്, മാമുക്കോയ, കെ പി എ സി ലളിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇളയരാജ സംഗീതം നല്‍കുന്ന സിനിമ നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസ്.

കിരീടം, ചെങ്കോല്‍, സ്ഫടികം, കിലുക്കം, നരസിംഹം, മിന്നാരം, ഇവിടം സ്വര്‍ഗമാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ - തിലകന്‍ കോമ്പിനേഷന്‍ മലയാളികള്‍ ആസ്വദിച്ചു. വീണ്ടും ലാലും തിലകനും ഒന്നിക്കുമ്പോള്‍ അഭിനയലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കന്‍‌മാരുടെ പ്രകടനത്തിനാവും ഏവരും സാക്‍ഷ്യം വഹിക്കുക.

Sunday, April 17, 2011

Janapriyan Stills












Senior stills











Orma Mathram Stills











Saturday, April 16, 2011

ഇലക്ട്ര

അയ്യായിരം വര്‍ഷം പഴക്കമുള്ള ഗ്രീക്ക് മിത്തോളജിയിലെ 'ഇലക്ട്ര' രാജകുമാരിയുടെ ജീവിതസംഘര്‍ഷങ്ങളുടെ കഥ ശ്യാമപ്രസാദ് വെള്ളിത്തിരയില്‍ എത്തിക്കുന്നു. ഇലക്ട്ര തികച്ചും പുതുമയാര്‍ന്ന കേരളീയ സാഹചര്യത്തിലാണ് പറിച്ചുനടുന്നത്.
രസിക എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിന്ധ്യന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മനീഷാകൊയ്‌രാളയും നയന്‍താരയും പ്രകാശ്‌രാജും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ക്ലാസിക്കുകള്‍ എക്കാലത്തും മനുഷ്യനെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും എന്ന സത്യത്തെയാണ് സംവിധായകന്‍ തുറന്നുകാണിക്കുന്നത്.
മധ്യതിരുവിതാംകൂറിലെ തിരുവല്ല ഭാഗത്ത് 'അമരത്ത്' തറവാടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

പ്ലാന്ററായ എബ്രഹാമിന്റെ തറവാടാണ് അമരത്ത് തറവാട്. എബ്രഹാമിനും ഡയാനയ്ക്കും രണ്ടു മക്കളായിരുന്നു. എഡ്വിനും ഇലക്ട്രയും. എഡ്വിന്‍ അമ്മയുടെ മകനായിരുന്നെങ്കില്‍ ഇലക്ട്ര അപ്പന്റെ മകളായിരുന്നു. ജീവിതത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വിദ്വേഷം, ചതി, പ്രതികാരം, പ്രണയം ഇതെല്ലാം അവരുടെ മനസ്സില്‍ സ്വരൂപിക്കപ്പെട്ടു. അത് ആ കുടുംബ ബന്ധത്തിന്റെ താളം തെറ്റിച്ചു. എബ്രഹാമിന്റെ അപ്രതീക്ഷിതമായ മരണം ആ കുടുംബത്തിന്റെ താളം തെറ്റിച്ചു. അപ്പന്റെ മരണം ഒരു കൊലപാതകമാണെന്ന് ഇലക്ട്ര തിരിച്ചറിഞ്ഞു. ആ മരണത്തിന്റെ ദുരൂഹതകളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്.



ചിത്രത്തില്‍ ഇലക്ട്രയായി നയന്‍താരയും അമ്മ ഡയാനയായി മനീഷാകൊയ്‌രാളയും വേഷമിടുന്നു. ചിത്രത്തില്‍ എബ്രഹാം, ഇസ്ഹാക്ക് എന്നീ കഥാപാത്രങ്ങളെയാണ് പ്രകാശ്‌രാജ് അവതരിപ്പിക്കുന്നത്.സിനിമയുടെ ഗ്ലാമറസ് ഇമേജില്‍ മാത്രം കുടുങ്ങിപ്പോയ താരങ്ങള്‍ക്ക് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഈ ചിത്രം സമ്മാനിക്കുന്നത്.

ശ്യാമപ്രസാദും കിരണ്‍പ്രഭാകറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജുമേനോന്‍, പി. ശ്രീകുമാര്‍, സ്‌കന്ദ, കെപി.എ.സി. ലളിത എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.യൂണിവേഴ്‌സലായ പ്രമേയത്തിന്റെ കരുത്തുമായി ഒരു ഇന്ത്യന്‍ സിനിമ ഒരുക്കാനാണ് ശ്യാമപ്രസാദ് ശ്രമിക്കുന്നത്.



 ''ഇലക്ട്ര അടിസ്ഥാനപരമായി ഒരു കുടുംബചിത്രമാണ്. അച്ഛന്‍, അമ്മ, മകന്‍, മകള്‍ എന്ന ചതുഷ്‌കോണത്തിനിടയിലെ വിള്ളലിന്റെയും വിസ്‌ഫോടനത്തിന്റെയും കഥ. അതിനകത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകാം. അത് ഒരു അച്ഛന്റെയും മകന്റെയും മകളുടെയും കാഴ്ചയില്‍ കാണാന്‍ ശ്രമിക്കുകയാണ്. അച്ഛനോട് കടുത്ത ഭക്തിയും കടപ്പാടും വിധേയത്വവും സ്‌നേഹത്തിന്റെ തീവ്രതയും കാത്തുസൂക്ഷിക്കുമ്പോഴും അച്ഛന്‍ വഞ്ചിക്കപ്പെടുകയാണ് എന്നറിയുമ്പോള്‍ ഉണ്ടാകുന്ന റിയാക്ഷന്‍. പ്രത്യേക സാഹചര്യത്തില്‍ അവിടെ ഒരു ക്രൈം നടന്നു. അതിന്റെ അന്വേഷണം. തുടര്‍ന്നുള്ള പ്രതികാരം എല്ലാം ഇവിടെ ചേര്‍ന്നു പോകുന്നു. ഒരര്‍ഥത്തില്‍ ഒരു ഫാമിലി സ്റ്റോറി, മറ്റൊരര്‍ഥത്തില്‍ ഒരു ക്രൈം ഡിറ്റക്ഷന്‍ സ്റ്റോറി.'' ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ശ്യാമപ്രസാദ് പറയുന്നു.

ബോളിവുഡ് നായിക മനീഷാകൊയ്‌രാള ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് ഇലക്ട്ര.
''മലയാളത്തില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരം ഞാന്‍ നന്നായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥയും ശക്തമായ ഡയാന എന്ന കഥാപാത്രവുമാണ് എന്നെ ഈ ചിത്രത്തിലേക്ക് അടുപ്പിച്ചത്. എല്ലാതരത്തിലും ഈ ചിത്രത്തിലെ അഭിനയം എന്റെ കരിയറിലെ വ്യത്യസ്തമായ അഭിനയാനുഭവമാണ്. പ്രേക്ഷകര്‍ക്കും ഈ ചിത്രം പുതുമ സമ്മാനിക്കുമെന്നാണ് എന്റെ പ്രതീക്ഷ.'' മനീഷാകൊയ്‌രാള പറയുന്നു.

നിരവധി പരസ്യചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച സനുജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് - വിനോദ് സുകുമാര്‍, കല - ബോബന്‍, ചമയം - റോഷന്‍, വസ്ത്രാലങ്കാരം - സഖിതോമസ്, അസോ. ഡയറക്ടര്‍ - ബോബി മാത്യു, സഹസംവിധാനം - അനൂപ് , രമ്യ, അരവിന്ദ്, ഗൗതംശങ്കര്‍, എക്‌സി. പ്രൊഡ്യൂസര്‍ ദിനന്‍.
 

ഈസ്റ്റ് കോസ്റ്റ് വിജയന്‍ വിത്ത്‌ മൊഹബത്ത്‌

'നോവല്‍' എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'മൊഹബത്തി'ന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മുസ്ലിം പശ്ചാത്തലത്തിലൂടെ ഒരു മാജിക്ക് മ്യൂസിക്കല്‍ ലൗ സ്റ്റോറിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈസ്റ്റ് കോസ്റ്റിന്റെ ചിത്രമെന്നാല്‍ അത് സംഗീത പ്രാധാന്യമേറിയതായിരിക്കും. ഇത് അടിവരയിട്ടു സമ്മതിക്കുന്ന ചിത്രം കൂടിയാണിത്.

മീരാ ജാസ്മിന്‍ നായികയാകുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ആകര്‍ഷകമാകുന്നു. വായനക്കാരെ ഏറെ ആകര്‍ഷിച്ച സിദ്ധീഖ് ഷമീറിന്റെ കളിപ്പാവകള്‍ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കരണം കൂടിയാണീ ചിത്രം. കളിപ്പാവകളിലെ സജിന എന്ന കഥാപാത്രം പ്രേക്ഷകരെ ഏറെ വശീകരിച്ചതാണ്. ഈ കഥാപാത്രം മീരാ ജാസ്മിന്‍ വെള്ളിത്തിരയില്‍ എത്തിക്കുന്നു.
''അഭിനയസാധ്യത ഏറെയുള്ളതാണ് സജിന എന്ന കഥാപാത്രം. ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചതും ഈ കഥാപാത്രത്തിന്റെ പ്രാധാന്യമാണ്'', മീര പറഞ്ഞു.

യാഥാസ്ഥിതിക മുസ്ലിം പശ്ചാത്തലത്തിലൂടെ മുസ്ലിം ആചാരരീതികളുടെയും നിയമങ്ങളുടെയും ഒക്കെ സാന്നിധ്യത്തിലൂടെ ഉരുത്തിരിയുന്നതാണ് ഈ ചിത്രം. പുരാതനവും സമ്പന്നവും പ്രതാപവും നിറഞ്ഞ, ചന്ദനത്തോപ്പില്‍ തറവാട്ടിലെ അബ്ദുള്‍ ഖാദര്‍ ഹാജിക്ക് നാലു മക്കള്‍. ഇന്നും പഴയ കൂട്ടുകുടുംബത്തിലെ ആചാരരീതികള്‍ ഇവിടെ നിലനിന്നുപോരുന്നു. ഫിറോസ്, ഷെരീഫ, ആരിഫ, നിസ്സാര്‍ എന്നിവര്‍. ഇതില്‍ ഫിറോസിന്റെ മകള്‍ സജിനയും ആരിഫയുടെ മകന്‍ അന്‍വറും തമ്മിലുള്ള വിവാഹം നടത്തുവാന്‍ ഹാജിയാര്‍ ഏറെ ആഗ്രഹിച്ചു. തന്റെ ചെറുമക്കള്‍ ഒന്നിച്ചു ജീവിക്കട്ടെ എന്നാണദ്ദേഹത്തിന്റെ ആഗ്രഹം. 

ഒന്നിച്ച് വളര്‍ന്നവര്‍ ഒന്നായി ജിവിക്കുവാന്‍ സജിനയ്ക്കും അന്‍വറിനും ആഗ്രഹമായിരുന്നു. അങ്ങനെയാണ് ഇവരുടെ വിവാഹം നിശ്ചയിക്കപ്പെട്ടത്. നിശ്ചയത്തിനു ശേഷം ഇരുവരും കോളേജിലേക്ക് തന്നെ മടങ്ങി. കാമ്പസില്‍ പുതിയ സംഭവങ്ങളായിരുന്നു സജിനയെത്തേടി എത്തിയത്. അതാകട്ടെ പുതിയ ചില ബന്ധങ്ങള്‍ക്ക് കാരണമാകുന്നു. അമീര്‍ എന്ന യുവാവും സജിനയുടെ മനസ്സു കീഴടക്കുകയായിരുന്നു.
വിവാഹം നിശ്ചയിക്കപ്പെട്ട യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ പെണ്‍കുട്ടിക്ക് പുതിയ ബന്ധം...! തുടര്‍ന്നുള്ള സ്ഥിതിവിശേഷങ്ങളിലൂടെ ഉദ്വേഗജനകമായ ചലച്ചിത്രാവിഷ്‌കരണമാണീ ചിത്രം.

ഇവിടെ അമീറിനെ മുന്നയും അന്‍വറിനെ ആനന്ദ് മൈക്കിളും അവതരിപ്പിക്കുന്നു. വീരുമാണ്ടി എന്ന തമിഴ് ചിത്രത്തിലെ നായകനാണ് ആനന്ദ് മൈക്കിള്‍. നെടുമുടിവേണു, ജഗതി, അശോകന്‍, സുരേഷ്‌കൃഷ്ണ, പി. ശ്രീകുമാര്‍, പ്രേംകുമാര്‍, ജാഫര്‍ ഇടുക്കി, ഊര്‍മിള ഉണ്ണി, ശാരി, ലക്ഷ്മിപ്രിയ എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്. രചന-സിദിഖ്ഷമീര്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ, എസ്. സാംകൃഷ്ണന്‍ ടീമിന്റെ അഞ്ചു ഗാനങ്ങളും സന്തോഷ്‌വര്‍മ, കെ.എ. ലത്തീഫ് ടീമിന്റെ ഗാനങ്ങളും ഈ ചിത്രത്തെ ആകര്‍ഷകമാക്കുന്നു.

ജിബു ജേക്കബാണ് ഛായാഗ്രാഹകന്‍. ഈസ്റ്റ്‌കോസ്റ്റ് റീല്‍ ആന്‍ഡ് റിയല്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.

സ്വപ്‌ന സുന്ദരി ക്ലിയോപാട്ര വരുന്നു



സുന്ദരിമാരായ സ്ത്രീകളെ ലോകം ക്ലിയോപാട്രയുമായി ഉപമിച്ചിരുന്നു. ആ പതിവ് ഇന്നും തുടരുന്നു എന്നുള്ളത് യഥാര്‍ഥ്യമാണെന്നിരിക്കെ 'ക്ലിയോപാട്ര' എന്ന പേരില്‍ ഒരു ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുക്കുകയാണ് സംവിധായകന്‍ രാജന്‍ ശങ്കരാടി. പയനിയര്‍ വേള്‍ഡ് വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ മലയാളിയും ഹൈദരാബാദിലെ ബിസിനസ് മാനേജരുമായ ടി.കെ.ആര്‍. നായരാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

'രാത്രിമഴ'യ്ക്കുശേഷം വിനീതും മനോജ് കെ. ജയനും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമൂഹത്തിനുവേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റും എന്നു ചിന്തിക്കുന്ന പുതിയ തലമുറയ്ക്ക് മാതൃകയാകുന്ന ചെറുപ്പക്കാരനാണ് ഹരികൃഷ്ണന്‍. എം.സി.എ. പൂര്‍ത്തിയാക്കിയിട്ടുണ്ട്. കലാകാരിയും സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കുകൂടി ഉപകാരപ്രദമാകണമെന്ന് ചിന്തിക്കുന്നവളുമാണ് രാധ. ആധുനികകാലഘട്ടത്തിന്റെ പ്രതീകമാണ് ഐശ്വര്യ. സ്ത്രീ അബലയല്ല, വീട്ടില്‍ ഒതുങ്ങിക്കൂടേണ്ടവളല്ലാ എന്നും ചിന്തിക്കുന്ന അവളുടെ ജീവിതത്തിലേക്ക് സുന്ദരന്‍ എന്ന അസിസ്റ്റന്റ് ക്യാമറാമാന്‍ കടന്നുവരുന്നു.

മറ്റൊരു കുടുംബം. പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ രാംദാസിന്റെ താണ്. ഭാര്യ ആതിര. ഈ ചിത്രത്തിലെ മൂന്നു കഥാപാത്രങ്ങള്‍ക്കും രാംദാസുമായി ബന്ധപ്പെടേണ്ടതായി വരുന്നു. പ്രതികാരവും പ്രണയവുമൊക്കെക്കൂട്ടിക്കലര്‍ത്തിയ ഒരു മ്യൂസിക്കല്‍ ലൗ സ്റ്റോറിയാണ് ഈ ചിത്രം. ഒപ്പം കുടുംബബന്ധങ്ങളുടെ ശക്തമായ അവതരണവുമുണ്ട്. മൗസ് ആന്‍ ക്യാറ്റിലൂടെ ശ്രദ്ധേയയായ അശ്വതിയാണ് രാധയെ അവതരിപ്പിക്കുന്നത്. വിനീത് ഹരികൃഷ്ണനേയും അവതരിപ്പിക്കുന്നു. തെലുങ്കുനടി പ്രേരണ, ഐശ്വര്യയെ അവതരിപ്പിക്കുന്നു. സുന്ദറായി സുധീഷ് വേഷമിടുന്നു. രാംദാസിനെ മനോജ് കെ. ജയന്‍ അവതരിപ്പിക്കുന്നു.

സുധാചന്ദ്രന്‍, ഊര്‍മിളാ ഉണ്ണി, ശാന്താകുമാരി, പി. രാജു എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.അഞ്ചു ഗാനങ്ങള്‍ക്ക് അഞ്ചു ഗാനരചയിതാക്കളും അഞ്ച് സംഗീതസംവിധായകരും അണിനിരക്കുന്നു. ടി.കെ.ആര്‍.നായരുടെ കഥയ്ക്ക് സതീഷ്‌കുമാര്‍ തിരക്കഥ, സംഭാഷണം രചിക്കുന്നു. ഛായാഗ്രഹണം-മുരളീകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് വൈക്കം.

ലീഡറും മകനുമായി മമ്മൂട്ടി

കണ്ണൂരില്‍ നിന്ന് ചിത്രകല പഠിക്കാന്‍ തൃശ്ശൂരിലെത്തിയ പയ്യന്‍ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായി വളര്‍ന്ന കഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനപ്രിയനായി വളര്‍ന്ന ഈ നേതാവിന്റെ കഥ അഭ്രപാളികളിലെത്തുന്നു. രാഷ്ട്രീയ നായകന്റെയും അദ്ദേഹത്തിന്റെ മകന്റെയും റോളുകള്‍ മമ്മൂട്ടി കൈകാര്യം ചെയ്യും. ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റെഡ്‌റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്നു.

ചിത്രകല പഠിക്കാന്‍ തൃശ്ശൂരിലെത്തിയ പയ്യന്‍ താമസിച്ചിരുന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് കെട്ടിടത്തിന്റെ അടുത്തായിരുന്നു. ജീവിക്കാന്‍ വേണ്ടി ആ പാര്‍ട്ടിക്കുവേണ്ടി ചുവരെഴുത്തും മറ്റും അവന്‍ ചെയ്തു പോന്നു. അന്നവിടെ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് അയാള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സക്രിയമായി. ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി നേതാവായി.
ചുരുങ്ങിയ കാലംകൊണ്ട് കേരള രാഷ്ട്രീയത്തില്‍ നേതാക്കന്മാരുടെ ഇടയില്‍ സ്വന്തമായ ഒരു സ്ഥാനം സ്ഥാപിച്ചെടുക്കുകയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരെ സ്വാധീനിക്കാന്‍ തക്ക വിധത്തില്‍ ഉയരുകയും ചെയ്തു.

സംഘാടകനായും നേതാവായും ഭരണാധികാരിയായും അയാള്‍ തിളങ്ങി. ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത പ്രസ്ഥാനത്തിന്റെ തലപ്പത്ത് അയാള്‍ തന്റെ ആധിപത്യം സ്ഥാപിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് തന്നെ ഭീഷ്മാചാര്യനായി മാറിയ അയാളുടെ മകനും മകളും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സക്രിയരായി. അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം മക്കള്‍ നിലനിര്‍ത്തി. ഇവരിലൂടെ കേരള രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും ഭരണരംഗത്തും ഉണ്ടാക്കിയ സംഭവബഹുലവും അതിസാഹസികവുമായ ജീവിതമുഹൂര്‍ത്തങ്ങളാണ് എം. പത്മകുമാര്‍ ഈ മമ്മൂട്ടി ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

മറ്റ് താരനിര്‍ണയവും പ്രാരംഭ നടപടികളും പൂര്‍ത്തിയായി വരുന്നു.ഈ ചിത്രം ഒരു ഫിക്ഷന്‍ തന്നെയാണ്. തനി സിനിമാറ്റിക് ശൈലിയില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ 1940 മുതല്‍ 2011 വരെയുള്ള കേരള രാഷ്ട്രീയ, സാമൂഹികപശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും വളരെ സാമ്യമുള്ളതായി തോന്നാം. സമൂഹത്തിനും പാര്‍ട്ടിക്കും വേണ്ടി ജീവിച്ച ഒരു കുടുംബത്തിന്റെയും ഒപ്പം കേരള രാഷ്ട്രീയത്തിന്റെയും സംഭവബഹുലമായ കഥയാണ് ഈ ചിത്രത്തിലുള്ളത് -തിരക്കഥാകൃത്ത് ബാബു ജനാര്‍ദനന്‍ പറഞ്ഞു.

'മാണിക്യക്കല്ല്' പൂര്‍ത്തിയായി

പൃഥ്വിരാജ്, സംവൃതാ സുനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മാണിക്യക്കല്ല്' ഊട്ടിയില്‍ പൂര്‍ത്തിയായി. ഗൗരീ മീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്. ഗിരീഷ്‌ലാല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു.

ജഗതി ശ്രീകുമാര്‍, ജഗദീഷ്, നെടുമുടിവേണു, മണിയന്‍പിള്ള രാജു, ദേവന്‍, പി. ശ്രീകുമാര്‍, അനൂപ് ചന്ദ്രന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, മണികണ്ഠന്‍, മന്‍രാജ്, ജോബി, ശശി കലിംഗ, മുന്‍ഷി വേണു, ബാലു ജെയിംസ്, മുത്തുമണി, കെ.പി.എ.സി. ലളിത, ദീപിക, ജാനറ്റ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒപ്പം ഗാനരചയിതാവായ അനില്‍ പനച്ചൂരാനും സംഗീതസംവിധായകനായ എം. ജയചന്ദ്രനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അനില്‍ പനച്ചൂരാന്‍, രമേശ് കാവില്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം. ജയചന്ദ്രനാണ്.

ഷാഫി-മമ്മൂട്ടി കൂട്ടുകെട്ടില്‍ 'വെനീസിലെ വ്യാപാരി'

സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഷാഫി-മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ദിലീപ് ചിത്രമായ മേരിക്കുണ്ടൊരു കുഞ്ഞാടുപോലെ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ പേരും ഇതിനകം ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. 'വെനീസിലെ വ്യാപാരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ക്ലാസ്‌മൈറ്റ്‌സ് എഴുതിയ ജയിംസ് ആല്‍ബര്‍ട്ടാണ്. ആലപ്പുഴയിലെ നാട്ടുംപുറത്ത് നടക്കുന്ന കഥയായതിനാല്‍ തന്നെയാണ് ഇങ്ങനെയൊരു പേരിലേക്ക് അണിയറപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്.

ജൂലായില്‍ ചിത്രീകരണം ആരംഭിക്കുന്ന 'വെനീസിലെ വ്യാപാരി' ഒക്‌ടോബര്‍ റിലീസായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മുരളി ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് 'വെനീസിലെ വ്യാപാരി'. നര്‍മ്മവും ആക്ഷനും ഒത്തുചേര്‍ന്ന തൊമ്മനും മക്കളും, മായാവിയും, ചട്ടമ്പിനാടും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രങ്ങളായിരുന്നു. നാലാം തവണ ഇരുവരും വീണ്ടും ഒരുമിക്കുമ്പോള്‍ സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞൊന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല.

ഓര്‍മ മാത്രം.



സംവിധാനം: മധു കൈതപ്രം
ബാന്നര്‍: horizon internation
നിര്‍മ്മാതാവ്: ദോഹ രാജന്‍
കഥ: റാഹിം കടവത്ത്
തിരക്കഥ&സംഭാഷണം:C.V. ബാലകൃഷ്ണന്‍
കാമറ: M.J. രാധ കൃഷ്ണന്‍
സംഗീതം: കൈതപ്രം വിശ്വനാഥന്‍.
Lyrics: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
കാസ്റ്റ്‌: ദിലീപ് ,പ്രിയങ്ക, നെടുമുടി, ജഗതി  etc


'മധ്യവേനലി'നുശേഷം മധു കൈതപ്രം സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. പ്രിയങ്കയാണ് നായിക. കാലികപ്രസക്തിയുള്ള വിഷയം കൈകാര്യംചെയ്യുന്ന ഈ ചിത്രം അച്ഛനും അമ്മയും അഞ്ചുവയസ്സുകാരനായ മകനും അടങ്ങുന്ന കുടുംബത്തിന്റെ പുതുമയാര്‍ന്ന കഥയാണ് പറയുന്നത്. ജഗതി ശ്രീകുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. കേരളത്തിലെ കഴിവുറ്റ നാടകകലാകാരന്മാരെയും ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ഉദ്ദേശ്യമുണ്ട്. കഥ: റഹീം കടവത്ത്, തിരക്കഥ-സംഭാഷണം: സി.വി. ബാലകൃഷ്ണന്‍.

ഹൊറൈസണ്‍ ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ ദോഹ രാജനാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം: എം.ജെ. രാധാകൃഷ്ണന്‍. ഗാനങ്ങള്‍: കൈതപ്രം, സംഗീതം: കൈതപ്രം വിശ്വനാഥന്‍. ചിത്രത്തിന്റെ പൂജ അടുത്ത ആഴ്ച നടക്കും. ഫിബ്രവരിയില്‍ കൊച്ചിയില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.

Wednesday, April 13, 2011

Mohabbath Stills












Electra Stills






 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews