കഥ, തിരക്കഥ, സംഭാഷണം: സച്ചി സേതു
സംവിധാനം: വൈശാഖ്
നിര്‍മ്മാണം: വൈശാഖ രാജന്‍
സിനിമ തുടങ്ങുമ്പോള്‍ ഒരാള്‍ വയലിന്‍ വായിച്ചുകൊണ്ട് നില്‍ക്കുന്നു. അയാളുടെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കാറില്‍ വന്നിറങ്ങി ഒരു ചുംബനം കൊടുത്ത് വീട്ടിലേയ്ക്ക് കയറിവരുന്നത് ഇയാള്‍ ജനലിലൂടെ കണ്ടുകൊണ്ട് നില്‍ക്കുന്നു, വീണ്ടും വയലിന്‍ വായന തുടരുന്നു. കയറിവന്ന സ്ത്രീ എന്തൊക്കെയോ എടുത്തുകൊണ്ട് തിരിച്ചുപോകുമ്പോള്‍ ഇയാള്‍ തടയാനോ എന്തൊക്കെയോ പറയാനോ ശ്രമിക്കുന്നു. പക്ഷേ, അയാളെ എതിര്‍ത്തുകൊണ്ട് ആ സ്ത്രീ പുറത്ത് കാറുമായി കാത്തുനില്‍ക്കുന്ന ആളുടെ കൂടെ പോകുന്നു. ഇതെല്ലാം കണ്ടുകൊണ്ട് ഇവരുടെ മകന്‍ (6 വയസ്സ് പ്രായം തോന്നും) നിസ്സഹായനായി നില്‍ക്കുന്നു. അമ്മ പോകുന്നത് നോക്കാന്‍ ഓടിയിറങ്ങി വന്ന് തിരിച്ച് ചെല്ലുമ്പോഴേയ്ക്കും അച്ഛന്‍ വയലിന്‍ വായന അവസാനിപ്പിച്ച് വിഷം കഴിച്ച് മരിച്ച് കിടക്കുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം....
ഒരു കോളേജ് ഡേ... കോളേജിലെ ആണ്‍കുട്ടികളുമായി വളരെ അടുത്ത ചങ്ങാത്തമുള്ള വളരെ മോഡേര്‍ണ്‍ ആയ ഒരു പെണ്‍കുട്ടി (മീരാ നന്ദന്‍) ഒരു മ്യൂസിക്കല്‍ നാടകത്തില്‍ അഭിനയിച്ചശേഷം കൊല്ലപ്പെടുന്നു. ഈ പെണ്‍കുട്ടിക്ക് ഒരു ചേച്ചിയുണ്ട് (പത്മപ്രിയ). ചേച്ചി വളരെ സാധുവും മോഡര്‍ണ്‍ ചിന്താഗതി ഇല്ലാത്തതുമാണെന്ന് കാണിക്കാന്‍ ഈ പാവത്തിനെ പാവാടയും ജാക്കറ്റും ഇടീച്ചാണ് കാണിക്കുന്നത്.
വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം...
അന്ന് കോളേജ് ഡേയില്‍ നടന്ന കൊലപാതകത്തിനെത്തുടര്‍ന്ന് ആ നാടകത്തില്‍ അഭിനയിച്ച മറ്റുനാലുപേരില്‍ ഒരാളായ ജയറാം ജയിലില്‍ 12 വര്‍ഷം ശിക്ഷ അനുഭവിച്ച് തിരിച്ചുവരുന്നു. അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് മനോജ് കെ. ജയന്‍ (ഇദ്ദേഹം ലേഡീസ് ഫാന്‍സി ഐറ്റംസിന്റെ കട നടത്തുന്നു. വിവാഹിതനാണ്, കുട്ടികളില്ല), ബിജുമേനോന്‍ (വലിയ കാശ് കാരനാണ്, ഭാര്യയുണ്ട്, 10 വയസ്സിനടുത്ത് പ്രായമുള്ള ഒരു മകനുണ്ട്, മദ്യപിച്ച് ജീവിതം ആസ്വദിക്കലാകുന്നു തൊഴില്‍ എന്നേ മനസ്സിലാകുന്നുള്ളൂ..), കുഞ്ചാക്കോ ബോബന്‍ (വലിയ ചിത്രകാരനാണെന്ന് തോന്നുന്നു... ഒരു പെങ്ങളുണ്ട്... വീല്‍ ചെയറിലാണെന്ന് മാത്രം).
ജയലില്‍ നിന്ന് തിരിച്ചെത്തുന്ന ജയറാമിനെ ഈ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ച് ജയറാമിനായി ഇവര്‍ വാങ്ങിയ വീട്ടില്‍ കൊണ്ടുപോയി മദ്യസല്‍ക്കാരം നടത്തുന്നതിന്നിടയ്ക്ക് ജയറാം വീണ്ടും ആ കേളേജില്‍ ചേര്‍ന്ന് പി.ജി. പഠിക്കാന്‍ താല്‍പര്യം പറയുന്നു. തങ്ങള്‍ക്ക് വേണ്ടിയാണ് അന്ന് ജയറാം ജയിലില്‍ പോയതെന്ന് ഈ സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ആ കാരണം കൊണ്ട് തന്നെ ഇവരും ജയറാമിന്റെ ആഗ്രഹത്തിന് വഴങ്ങുന്നു.
പിന്നീട് സീനിയേര്‍സിന്റെ കോളേജ് ഡേയ്സ്...
വളരെ രസകരമായ പശ്ചാത്തലവും സംഭവങ്ങളും കൊണ്ട് ഈ ചിത്രത്തെ യുവജനങ്ങള്‍ക്ക് ആസ്വാദ്യകരമാക്കാന്‍ ഇതിന്റെ രചയിതാക്കള്‍ക്കും സംവിധായകനും കഴിഞ്ഞിട്ടുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും രസകരമായ സംഭവങ്ങളും ചേര്‍ത്തിണക്കി സിനിമ പുരോഗമിക്കുമ്പോള്‍ പ്രധാന കഥാഗതിയിലേയ്ക്ക് ഇതിനെ കൂട്ടിയോജിപ്പിക്കുന്നിടത്താണ് കല്ലുകടി തുടങ്ങുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ കോളേജില്‍ നടന്ന കൊലപാതകത്തിലെ യഥാര്‍ത്ഥ കുറ്റക്കാരനെ കണ്ടെത്തുക എന്നതാകുന്നു ജയറാമിന്റെ ദൗത്യം. അതിനായി ഇദ്ദേഹം മറ്റു പലരുടേയും സഹായത്തോടെ 'മണിച്ചിത്ത്രത്താഴ്' സിനിമയുടെ മറ്റൊരു ലൈന്‍ പരീക്ഷിക്കുന്നത് കാണുമ്പോള്‍ 'അയ്യേ..' എന്ന് വിചാരിക്കാത്ത ഒരുത്തനും തീയ്യറ്ററില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പഴയ സാഹചര്യങ്ങളും ചുറ്റുപാടുകളും പുന:സൃഷ്ടിച്ച് കുറ്റവാളിയെ കണ്ടെത്തുക എന്ന തന്ത്രം കണ്ടാല്‍ ഇദ്ദേഹം ലോകപ്രശസ്തനായ സൈക്യാര്‍ട്ടിസ്റ്റ് ആണെന്ന് തോന്നും. ഇതിന് കൂട്ടുനില്‍ക്കുന്നവരെല്ലാം പിണ്ണാക്ക് മാത്രം തിന്നുന്ന മണ്ണുണ്ണികളും...
ഇത്രയും ദുര്‍ബലവും യുക്തിക്ക് നിരക്കാത്തതും വ്യക്തതയുമില്ലാത്ത കഥയുമായി ഇറങ്ങിയ തിരക്കഥാകൃത്തുക്കളുടെ ധൈര്യം സമ്മതിച്ച് കൊടുത്തേ തീരൂ. പക്ഷേ, ഈ അവസ്ഥയിലും രസകരമായ സംഗതികളിലൂടെ പ്രേക്ഷകരെ ആസ്വാദ്യകരമായ കാര്യങ്ങള്‍ നല്‍കി പിടിച്ചിരുത്താനായി എന്നിടത്ത് തിരക്കഥാകൃത്തുക്കളും സംവിധായകനും അഭിനന്ദനമര്‍ഹിക്കുന്നു.
സിനിമകഴിഞ്ഞ് തീയ്യറ്റര്‍ വിടുന്ന പ്രേക്ഷകര്‍ പ്രധാനകഥയെ കാര്യമായി ശ്രദ്ധിക്കാതെ സിനിമയിലെ രസകരമായ മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മകളും പേറി പോകുന്നിടത്ത് ഈ സിനിമ വിജയത്തിന്റെ വഴി കാണുന്നു.
പണ്ട് നടന്ന ആ കൊലപാതകം എന്തിനായി? എന്തായിരുന്നു അതിനെ സംബന്ധിച്ച് അന്നത്തെ കണ്ടെത്തലുകള്‍?
കൂട്ടുകാര്‍ക്ക് വേണ്ടി ജയറാം ജയിലില്‍ പോയി എന്ന് പറയുന്നുണ്ട്. എന്തുകൊണ്ട് കൂട്ടുകാരുടെ പേരില്‍ കുറ്റം വന്നു? അവരെ രക്ഷിക്കാന്‍ കുറ്റം ഏറ്റെടുക്കാന്‍ മാത്രം അത്ര വിശാലഹൃദയത ഇദ്ദേഹത്തിന് ഉണ്ടായതിന്റെ കാരണം എന്ത്? (വിശാലഹൃദയം ഉണ്ടാകാന്‍ ഒരു കാരണവും വേണ്ടല്ലോ...) ഈ സുഹൃത്തുക്കള്‍ക്ക് ഒരിക്കലും ശരിയായ കുറ്റവാളി ആരാണെന്നോ എന്താണ് സംഭവിച്ചതെന്നോ മനസ്സിലാക്കാനോ അറിയാനോ ഉള്ള ഒരു താല്‍പര്യവും ഉണ്ടായിട്ടുമില്ല. അവര്‍ക്ക് തന്നെ ഉറപ്പുണ്ടായിരുന്നോ കൊലയാളിയുടെ പശ്ചാത്തലം?
വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കോളേജില്‍ പഴയ സാഹചര്യം സൃഷ്ടിക്കാന്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളില്‍ കൂടെ നിന്ന് സഹായിച്ചവരൊക്കെ ഈ പ്ലാനില്‍ വിശ്വസിക്കാന്‍ എന്ത് കാരണം?
ക്ലൈമാക്സ്കില്‍ ജയറാമിന്റെ ഹൃദയവിശാലത എല്ലാ പരിധികളും ലംഘിച്ച് വാനോളം ഉയര്‍ന്നപ്പോള്‍ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാമായിരുന്നില്ലേ? (സോറി.. മരണമടയാതെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനാവില്ലല്ലോ.. ഭാവിയില്‍ പ്രഖ്യാപിക്കുമായിരിക്കും)
മുകളില്‍ പറഞ്ഞ കുറേ ചോദ്യങ്ങള്‍ മനസ്സില്‍ പിന്നീട് തോന്നുമെങ്കിലും വേറെ പല രംഗങ്ങളും ഓര്‍ത്ത് ചിരിക്കാന്‍ ഉള്ളതിനാല്‍ പലരും ആ ചോദ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കില്ല എന്നതാകുന്നു ഈ സിനിമയുടെ പ്രത്യേകത.
അഭിനയനിലവാരം പൊതുവേ എല്ലാവരുടേയും മികച്ചുനിന്നു. മനോജ് കെ ജയന്‍ പെണ്‍കുട്ടികളോട് ഇടപെടുന്നത് അല്‍പം ഓവറായെങ്കിലേ ഉള്ളൂ. പക്ഷേ, മറ്റ് പല ഹാസ്യരംഗങ്ങളിലും ഇദ്ദേഹം മികച്ചുനിന്നു. ബിജുമേനോന്‍ ആയിരുന്നു കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ബിജുമേനോന്റെ മകനായി അഭിനയിച്ച കൊച്ചുപയ്യനും രസകരമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. ജയറാം ഒരു നനഞ്ഞ സെറ്റപ്പ് തന്നെയായിരുന്നു. കുഞ്ചാക്കോ മോശമല്ലാതെ തന്റെ റോള്‍ കൈകാര്യം ചെയ്തു. കടും വെട്ട് മുഖഭാവത്തില്‍ പത്മപ്രിയ ഒതുങ്ങിനിന്നു. സുരാജ് വെഞ്ഞാര്‍മൂട് തന്റെ മോശം നിലവാരം നിലനിര്‍ത്തിയപ്പോഴും ഇടയ്ക്ക് രസകരമായ രംഗങ്ങളും സൃഷ്ടിച്ചു.
ഗാനങ്ങള്‍ കേമമൊന്നുമല്ലെങ്കിലും ഒരു ആഘോഷപ്രതീതി ജനിപ്പിച്ച് ചിത്രത്തിന്റെ മൂഡിനോട് ചേര്‍ന്ന് നിന്നു.
പൊതുവേ പറഞ്ഞാല്‍,കാമ്പില്ലാത്ത കഥയില്‍ ഉണ്ടാക്കിയെടുത്ത ഒരു എന്റര്‍ടൈനര്‍ ആകുന്നു ഈ ചിത്രം. തീയ്യറ്ററില്‍ പ്രേക്ഷകര്‍ക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് കുറച്ച് സമയം ആസ്വാദ്യകരമായ നര്‍മ്മ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച തരുന്നു ഈ ചിത്രം. എങ്കിലും കഥയിലെ അവ്യക്തതയും യുക്തിക്കുറവും പ്രേക്ഷകന്റെ മനസ്സില്‍ ഒരു കരടായി അവശേഷിക്കുകയും ചെയ്യും...
By സിനിമാ നിരൂപണം
0 comments:
Post a Comment