New Site

Monday, July 4, 2011

സിനിമാ നിരൂപണം

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാബു ജനാര്‍ദ്ദനന്‍ 2011
നിര്‍മ്മാണം: ഹനീഫ്‌ മുഹമ്മദ്‌

1993 മാര്‍ച്ച 12.... ബോംബെ നഗരത്തിലെ ഒരു തെരുവ്‌... തിരക്കുപിടിച്ച സ്ട്രീറ്റിലൂടെ സ്കൂട്ടറോടിച്ച്‌ വന്ന് ഒരു സ്ഥലത്ത്‌ നിര്‍ത്തി മുന്നോട്ട്‌ നടന്നുപോകുന്ന ചെറുപ്പക്കാരന്‍...

ചെന്നൈ നഗരത്തിലെ ഒരു സിനിമയുടെ പൂജാ ചടങ്ങ്‌... പൂജ ചെയ്യുന്ന പൂജാരി..

കേരളത്തിലെ ഒരു വീട്ടില്‍ നിസ്കരിക്കുന്ന ഒരു സ്ത്രീ..

പെട്ടെന്ന് ബോംബെ നഗരത്തില്‍ ബോംബ്‌ പൊട്ടിത്തെറിക്കുന്നു.. സ്കൂട്ടറിന്നടുത്ത്‌ നിന്നാണ്‌ സ്പോടനം, ഞെട്ടിത്തരിച്ച്‌ നില്‍ക്കുന്ന ചെറുപ്പക്കാരന്‍.. മദ്രാസ്‌ നഗരത്തില്‍ പൂജ ചെയ്തുകൊണ്ടിരിക്കുന്ന ആ പൂജാരി ഞെട്ടി തിരിഞ്ഞ്‌ നോക്കുന്നു.. കേരളത്തിലെ വീട്ടില്‍ നിസ്കരിച്ച്‌ കൊണ്ടിരിന്ന ആ സ്ത്രീ ഞെട്ടി ഭയപ്പാടോടെ പനിപിടിക്കുന്നു..

ബോംബെ നഗരത്തില്‍ ബോംബ്‌ പൊട്ടിയതിന്‌ ആ ചെറുപ്പക്കാരണ്റ്റെ ഞെട്ടല്‍ സ്വാഭാവികം.. മറ്റ്‌ രണ്ട്‌ സ്ഥലങ്ങളിലേയും ഞെട്ടലുകള്‍ അസ്വാഭാവികം.. എന്താണ്‌ എന്ന് ചോദിക്കരുത്‌... അത്‌ ആറാം ഇന്ദ്രിയത്തിണ്റ്റെ ഒരു ചെറിയ വിസ്പോടനാത്മകമായ പ്രതിഭാസമാകാം..

ഇനി കൊല്ലം പത്ത്‌ പതിനാല്‌ മുന്നോട്ട്‌... അന്ന് പൂജാരിയായി കണ്ടയാല്‍ പണ്ട്‌ ബോംബെയില്‍ ബോംബ്‌ പൊട്ടിയപ്പോള്‍ ഞെട്ടിയ പെണ്‍കുട്ടിയുടെ ഭര്‍ത്താവ്‌ (സമീര്‍)... പിന്നെ, പോലീസ്‌ ചോദ്യം ചെയ്യലുകളും മാനസികപീഠനങ്ങളും... മുസ്ളീമായതിണ്റ്റെ പേരിലുള്ള പീഢനങ്ങളെന്നൊക്കെ പറയുന്നുണ്ട്‌... ബോംബ്‌ സ്പോടനത്തിണ്റ്റെ പങ്കിനെക്കുറിച്ചോ ഒക്കെ ചോദിക്കുന്നുണ്ട്‌. ഇടയ്ക്ക്‌ വീണ്ടും കൊല്ലം മുന്നോട്ടൊ പുറകോട്ടോ ഒക്കെയായി കാണിക്കും.. സൂക്ഷിച്ച്‌ ഇരുന്നോളണം... കണ്ണ്‍ ചിമ്മി കൊല്ലം എഴുതിക്കാണിച്ചത്‌ മിസ്സ്‌ ആയാല്‍ സംഗതി കയ്യില്‍ നിന്ന് പോകും... പിന്നെ, എന്താ ഏതാ എന്നൊന്നും ഒരു എത്തും പിടിയും കിട്ടില്ല... (മുന്‍ സീറ്റിലിരിക്കുന്ന കുറച്ചു പയ്യന്‍മാര്‍ പരസ്പരം ചോദിക്കുന്ന കണ്ടു.. ഒരു പ്രാവശ്യമല്ല, ഇടയ്ക്കിടെ). ഞാനും എണ്റ്റെ സുഹൃത്തും പരസ്പരവും ഈ ചോദ്യം ചോദിച്ചു... ഇടയ്ക്ക്‌ ലിങ്ക്‌ വിട്ടുപോയപൊലെ തോന്നും... തിരിച്ച്‌ കിട്ടിയെന്നും തോന്നും... അങ്ങനെ അംനീഷ്യ ബാധിച്ചപോലുള്ള ഒരു പ്രതീതി... നമ്മുടെ പ്രശ്നമാകും... പോട്ടെ...

അതിന്നിടയില്‍ ഏതോ കൊല്ലവര്‍ഷത്തില്‍ കോയമ്പത്തൂര്‍ സ്പോടനത്തെക്കുറിച്ചും പറയുന്നുണ്ട്‌... ഒമ്പത്‌ വര്‍ഷം ചോദ്യം ചെയ്യലും വിചാരണയുമായി ജയിലില്‍ കിടന്നവരെ വെറുതെ വിടുന്നു... അതില്‍ ഒരാള്‍ അന്നത്തെ പൂജാരിയും ഇന്നത്തെ മുസ്ളീമുമായ ആള്‍ (നമ്മുടെ മമ്മൂട്ടി തന്നെ).

അങ്ങനെ കൊല്ലം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതിന്നിടയ്ക്ക്‌ ഒരു സംഗതി പിടികിട്ടും. ആ മുസ്ളീം കുടുംബത്തിലെ പയ്യന്‍ (ഷാജഹാന്‍) ബോബെയില്‍ ജോലികിട്ടി പോകുകയും പോകുന്ന വഴിയില്‍ ട്രെയിനില്‍ കൂടെ യാത്ര ചെയ്തിരുന്ന ഒരു യുവദമ്പതികളുടെ ബാഗില്‍ സ്പോടകവസ്തുക്കള്‍ പോലീസ്‌ കണ്ടെത്തുകയും ചെയ്തു. പക്ഷേ, ആ ദമ്പതികള്‍ രക്ഷപ്പെട്ടു. ഈ പയ്യന്‍ സാക്ഷി പറഞ്ഞു. ബോംബെയില്‍ ഈ പയ്യന്‍ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ആ ദമ്പതികളിലെ പെണ്‍കുട്ടിയെ കാണുന്നു. പുറത്ത്‌ സ്ട്രീറ്റില്‍ പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന ആളെ കാണുന്നു. ഈ പയ്യന്‍ വീട്ടിലേയ്ക്ക്‌ പോകുമ്പോള്‍ പഴ്സ്‌ കാണാതാകുന്നു, ഫോണ്‍ വരുന്നു, പഴ്സ്‌ കിട്ടിയ ആള്‍ വിളിച്ച്‌ വരേണ്ട വഴി പറഞ്ഞുകൊടുക്കുന്നു, ചെന്നെത്തുന്നത്‌ ജിഹാദിനുവേണ്ടിപ്രേരിപ്പിക്കുന്ന പഠനക്ളാസ്സിലേയ്ക്കും...

ഈ പയ്യന്‍ പിന്നീട്‌ ഒഴിഞ്ഞ്‌ മാറാന്‍ ശ്രമിച്ച്‌ നാട്ടിലെത്തുന്നു, ജിഹാദികള്‍ പിന്‍ തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നു, നാട്ടില്‍ നിന്ന് തിരിച്ച്‌ ബോംബെയില്‍ പോകാതെ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിലെത്തി അവിടെ നെയ്ത്ത്‌ ജോലിചെയ്ത്‌ ജീവിക്കുന്നു. ഈ സ്ഥലത്തെ അമ്പലത്തില്‍ പൂജാരിയായി മമ്മൂട്ടി എത്തുന്നു. പിന്നീട്‌ പട്ടാളവുമായി ഏറ്റുമുട്ടലില്‍ ഷാജഹാന്‍ കൊല്ലപ്പെടുന്നു...

ഇനി കൂടുതലായി പറഞ്ഞ്‌ കഥയുടെ സസ്പെന്‍സ്‌ കളയുന്നില്ല. ഈ സിനിമയുടെ കഥ ഒരു ദീര്‍ഘമായ കാലയളവില്‍ പടര്‍ന്ന് പന്തലിച്ച്‌ കിടക്കുന്നതിനാലും ഈ കാലഘട്ടങ്ങളിലെ സംഭവങ്ങളെല്ലം തലയും വാലുമില്ലാതെ പറയുന്നതിനാലും ശ്രദ്ധയില്ലാത്തവര്‍ വെറുതേ തിയ്യറ്ററില്‍ പോയി മെനക്കെടരുത്‌. ഇനി ശ്രദ്ധയുള്ളവര്‍ പോയാല്‍ കുറേ സംശയങ്ങള്‍ മനസ്സില്‍ തോന്നും... ഉത്തരം ചിലതിനൊക്കെ നിര്‍ബദ്ധിച്ചാല്‍ കിട്ടും, പക്ഷേ, പലതിനും കിട്ടാന്‍ ബുദ്ധിമുട്ടും... ജിഹാദികള്‍ ഷാജഹാനെ എന്തിനിങ്ങനെ പിന്‍ തുടര്‍ന്ന് വേട്ടയാടി? സ്വാമിയ്ക്ക്‌ സമീറാകാതെ വേറെ മാര്‍ഗ്ഗമില്ലാതായതെന്ത്‌? തുടങ്ങിയ ചോദ്യങ്ങള്‍ ഇതില്‍ പെടും.

നിരപരാധികളെ പോലീസ്‌ ചോദ്യം ചെയ്യുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമായ രംഗങ്ങള്‍ പൊതുവേ ഒരു ഭീതിജനിപ്പിക്കുന്ന അനുഭവമായി. അതുപോലെ ചിത്രീകരണത്തിലെ സ്ഥലങ്ങളുടേയും സംഭവങ്ങളുടേയും സ്വാഭാവികതയും ശ്രദ്ദേയമായി. ഗാനങ്ങള്‍ മികച്ചുനിന്നു. ഷാജഹാനെ അവതരിപ്പിച്ച ഉണ്ണി മുകുന്ദന്‍ പ്രതീക്ഷയ്ക്ക്‌ വകനല്‍കുന്ന അഭിനയം കാഴ്ച വച്ചു. ഷാജഹാണ്റ്റെ ബാപ്പയായി സാദിക്ക്‌ മികച്ച പ്രകടനം നടത്തിയപ്പോള്‍ മമ്മൂട്ടിയും തണ്റ്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

പക്ഷേ, ബോറടികൊണ്ടും ആവര്‍ത്തനമായ സീനുകള്‍ കൊണ്ടും ഈ ചിത്രം സമ്പുഷ്ടമാണ്‌. പകുതി ഷൂട്ടിംഗ്‌ കൊണ്ട്‌ ഒരു മുഴുവന്‍ സിനിമ എടുക്കാനായിരിക്കുന്നു എന്നത്‌ ഒരു ഗുണമണ്‌. കാരണം, കണ്ട രംഗങ്ങള്‍ തന്നെ പലപ്രാവശ്യം വീണ്ടും കാണിക്കും. ആളുകള്‍ക്ക്‌ ഒരു ചുക്കും മനസ്സിലാവില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാവണം അത്‌.. പക്ഷേ, എന്നിട്ടും ഫലം സ്വാഹ...

അങ്ങനെ മനസ്സിലാവായ്മയുടേയും വിഭ്രന്തിയുടേയും ഇടയില്‍ ഒരു നൂല്‍പ്പാലത്തിലൂടെ മനസ്സ്‌ സഞ്ചരിച്ച്‌ ഒന്ന് സ്റ്റെഡിയാക്കികൊണ്ടുപോയി നോര്‍മലായ മാനസികാവസ്ഥയില്‍ എത്തിനിന്നിട്ട്‌ ബാക്കി സിനിമകാണാം എന്ന സ്ഥിതിയാകുമ്പോള്‍ ആരോടും പറയാതെ സിനിമ പെട്ടെന്ന് സ്റ്റില്‍ ആകും... എന്തോ ടെക്നിക്കല്‍ ഫോള്‍ട്ട്‌ ആണെന്ന് വിചാരിച്ച്‌ ആളുകള്‍ ഇരിക്കുമ്പോള്‍ എഴുതിക്കാണിക്കും... സിനിമ മുഴുവനാകുന്നതിനുമുന്‍പ്‌ മാനസികവിഭ്രാന്തി ബാധിച്ച്‌ ഇറങ്ങിപ്പോകാത്തവര്‍ ബാക്കിയുണ്ടെങ്കില്‍ അവര്‍ക്ക്‌ എഴുന്നേറ്റ്‌ പോകാന്‍ അവസരം കൈ വന്നിരിക്കുന്നു എന്നര്‍ത്ഥം. പക്ഷേ, ഇവിടെ ബാക്കിയുള്ളവര്‍ നിരാശരാകും... കാര്യങ്ങള്‍ ഒരു വഴിയ്ക്കാക്കി മനസ്സിണ്റ്റെ താളം വീണ്ടെടുത്ത്‌ സിനിമ ബാക്കി കാണാം എന്നുവിചാരിച്ച്‌ ഇരിക്കുമ്പോള്‍ സിനിമ തീര്‍ന്നുപോയാല്‍ സഹിക്കുമോ? പക്ഷേ, ഉര്‍വ്വശീശാപം ഉപകാരം എന്ന മട്ടില്‍ ആളുകള്‍ ഇറങ്ങി വേഗം സ്ഥം വിടും.



BY   സൂര്യോദയം

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews