New Site

Thursday, July 21, 2011

കലക്ടര്‍ (Collector) നിരൂപണം



സംവിധാനം: അനില്‍ സി മേനോന്‍
കഥ: A Cube Productions
തിരക്കഥ സഹായി: രാജേഷ്‌ ജയരാമന്‍
നിര്‍മ്മാണം: V V സാജന്‍, അബ്ദുള്‍ അസീസ്‌

വലിയ കെട്ടിടനിര്‍മ്മാണകമ്പനികളുടെ അധീനതയിലേയ്ക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന കൊച്ചി നഗരത്തില്‍ മറ്റ്‌ ചില സംസ്ഥാനങ്ങളിലെ ചില ഉന്നതലോബികളും നശീകരണശ്രമങ്ങളുമായി ഇടപെടുകയും, ചില തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടാകുകയും ചെയ്യുന്നിടത്താണ്‌ ജില്ലാ കളക്ടര്‍ ആയി ഡല്‍ഹിയില്‍ നിന്ന്‌ അവിനാഷ്‌ വര്‍മ്മയെ (സുരേഷ്‌ ഗോപി) മുഖ്യമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ കൊണ്ടുവരുന്നത്‌.

സിറ്റിയെ ദുഷ്ടശക്തികളുടെ പിടിയില്‍ നിന്ന്‌ രക്ഷിക്കാന്‍ മുഖ്യമന്ത്രി എല്ലാവിധ സഹായവും വാഗ്ദാനം നല്‍കുന്നതോടെ കളക്ടര്‍ തണ്റ്റെ ദൌത്യം തുടങ്ങുകയായി.

കെട്ടിടമാഫിയ അവരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി സ്ഥലം വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നതിന്നിടയില്‍ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതും, അവര്‍ക്ക്‌ പോലീസ്‌ ഉന്നതരും മന്ത്രിമാരുമടക്കമുള്ളവരുടെ പിന്തുണ ഉണ്ടാകുന്നതും, ഇവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ നായകന്‍ ശ്രമിക്കുന്നതും പൊതുവേ നിരവധി സിനിമകളില്‍ കണ്ട്‌ മടുത്ത സംഗതികളാണ്‌.

അതേപോലെ തന്നെ, നായകനെ വരുതിയിലാക്കാന്‍ അയാളുടെ കുടുംബത്തിലെ ചിലരെ ബിസിനസ്‌ പങ്കാളികളാക്കി നടത്തുന്ന ശ്രമങ്ങളും അതിന്നൊടുവില്‍ നായകനോട്‌ അടുപ്പമുള്ളവരെ കൊലപ്പെടുത്തുന്നതും നായകന്‍ അമ്മയുടെയും വീട്ടുകാരുടേയും പഴികേള്‍ക്കേണ്ടിവരുന്നതും പലതവണ കണ്ടിട്ടുള്ളതാണ്‌.

വില്ലന്‍ പോലീസ്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ വില്ലണ്റ്റെ ചേട്ടന്‍ (മെയിന്‍ വില്ലന്‍) രംഗപ്രവേശം ചെയ്യുന്നതും പ്രതികാരശ്രമങ്ങള്‍ നടത്തുന്നതും നായകന്‍ പ്രതിരോധിക്കുന്നതും പതിവ്‌ കാഴ്ച തന്നെ.

സിനിമയുടെ അവസാനരംഗങ്ങളോടടുത്ത്‌ കലക്ടറെ കള്ളക്കേസില്‍ കുടുക്കി പോലീസ്‌ മര്‍ദ്ദിക്കുന്നതായും തുടര്‍ന്നുള്ളതുമായ സീക്വന്‍സ്‌ അനാവശ്യവും ഒരല്‍പ്പം യുക്തിക്കുറവുള്ളതുമായി തോന്നി. അവിടെ എന്തൊക്കെയോ ഒരു നിഗൂഢതയും അനുഭവപ്പെടുന്നു എന്നതും വസ്തുതയാണ്‌.

പക്ഷേ, ഈ ആവര്‍ത്തന കഥാസന്ദര്‍ഭങ്ങളില്‍ നിന്നുകൊണ്ട്‌ തന്നെ, കുറേയൊക്കെ സാമൂഹികപ്രാധാന്യമുള്ള പ്രശ്നങ്ങളും അവയ്ക്കുള്ള പ്രായോഗികമായ പ്രതിവിധികളും കലക്ടറുടെ നടപടികളിലൂടെ കൊണ്ടുവരാനായി എന്നത്‌ ഈ ചിത്രത്തിണ്റ്റെ പ്രത്യേകതയാണ്‌.

ഒരു അടിപൊളി സുരേഷ്‌ ഗോപി ചിത്രം എന്ന നിലയില്‍ സമീപിച്ചാല്‍ ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.

യുക്തിക്ക്‌ നിരക്കാത്ത മണ്ടത്തരങ്ങളോ കൂവാന്‍ അഭിവാഞ്ചയുണ്ടാക്കുന്ന രംഗങ്ങളോ ഇല്ല എന്നതുതന്നെ പ്രേക്ഷകര്‍ക്ക്‌ വളരെ ആശ്വാസം. പല ഡയലോഗുകളും സീനുകളും പ്രേക്ഷകര്‍ക്ക്‌ ഒരല്‍പ്പം ഹരം പകരാവുന്നതാണ്‌ എന്നതും മറ്റൊരു പ്രത്യേകതയാണ്‌.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്ക്‌ ചിത്രത്തിന്‌ നല്ലൊരു ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്‌. ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തി.

ഒരു പുതുമയുമില്ലാത്ത, കൃത്യമായ തിരക്കഥയില്ലാത്ത ഈ സിനിമയെ പ്രേക്ഷകര്‍ക്ക്‌ ബോറടിപ്പിക്കാതെയും ഒരു പരിധിവരെ ആസ്വദിക്കാന്‍ പാകത്തിനാക്കുകയും ചെയ്തതിന്‌ അനില്‍ സി മേനോന്‍ എന്ന സംവിധായകന്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

കലക്ടര്‍ ആയി സുരേഷ്‌ ഗോപി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചപ്പോള്‍ പോലീസ്‌ ഒാഫീസറായി വേഷമിട്ട ഒരു അന്യഭാഷാ നടി കല്ലുകടിയായി ഭവിച്ചു. രാത്രിയിലും കൂളിംഗ്‌ ഗ്ളാസ്സ്‌ മുഖത്ത്‌ തള്ളിക്കയറ്റിയത്‌ അത്രയും ഭാഗത്തെ വൃത്തികേട്‌ പ്രേക്ഷകര്‍ കാണേണ്ട എന്ന് വിചാരിച്ചാവാനും മതി.

നെടുമുടിവേണുവിണ്റ്റെ പതിവ്‌ ജ്യേഷ്ഠന്‍ കഥാപാത്രവും, ബാബുരാജിണ്റ്റെ വില്ലന്‍ പോലീസ്‌ കമ്മീഷണറും പതിവുപടിതന്നെ.

ഇടിച്ച്‌ പറത്തുകയും കയറിട്ട്‌ തൂക്കുകയും ചെയ്യുന്ന സംഘട്ടനരംഗങ്ങള്‍ക്ക്‌ പകരം തോക്കുകള്‍ കൊണ്ടുള്ള ആക്‌ ഷന്‍ രംഗങ്ങളാണ്‌ ഈ ചിത്രത്തിലുള്ളത്‌. ഈ സീക്വന്‍സുകള്‍ ഒരു പരിധിവരെ പെര്‍ഫക്ട്‌ ആയി തന്നെ പ്രതിഫലിപ്പിക്കാനും സാധിച്ചിരിക്കുന്നു.

തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുമ്പോള്‍ തീ വരുന്ന സംഗതിയുടെ ആനിമേഷന്‍ ഒരല്‍പ്പം അപാകതയുണ്ടാക്കിയെങ്കിലും വെടിയുണ്ട പതിക്കുന്ന ഭാഗങ്ങളിലെ എഫ്ഫക്റ്റുകള്‍ക്ക്‌ ഒറിജിനാലിറ്റി ഉണ്ടാക്കാനായിരിക്കുന്നു എന്നതും ഒരു മേന്‍മയാണ്‌.

ബുദ്ധിയും ചങ്കൂറ്റവുമുള്ള അധികാരമുള്ളവര്‍ക്ക്‌ മുന്നില്‍ പണക്കൊഴുപ്പിന്‌ വിജയിക്കാനാവില്ല എന്നും കലക്ടര്‍ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നു.

ബോറടിയില്ലാതെ ഒരു അടിപൊളി സുരേഷ്‌ ഗോപി ചിത്രം എന്ന മനോഭാവത്തോടെ ചിത്രം കാണാനായി പോയാല്‍ പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ഒരു ചിത്രമാകുന്നു കലക്ടര്‍.

By സൂര്യോദയം

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews