New Site

Wednesday, May 11, 2011

മമ്മൂട്ടീ, ഈ കടുംകൈ ചെയ്യരുത്

പുരുഷ സൗന്ദര്യത്തിന്റെ ആകെത്തുക'.  മലയാളികളായ അധികമാരെക്കുറിച്ചും നല്ലത് പറഞ്ഞിട്ടില്ലാത്ത സാഹിത്യ നിരൂപകന്‍ എം കൃഷ്ണന്‍ നായര്‍ പണ്ട് മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതാണിത്. സാഹിത്യ വാരഫലം കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന കാലത്താണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കൃഷ്ണന്‍ നായരുടെ അതേ അഭിപ്രായം തന്നെയാണ് മമ്മൂട്ടിയെക്കുറിച്ച് എനിക്കുമുള്ളത്. പുള്ളി ഒരു മഹാ സംഭവമാണ്. യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല, കാണാന്‍ കൊള്ളാവുന്നവര്‍ ഇവിടെ കേരളത്തിലുമുണ്ട്‌ എന്ന് നമുക്ക് പറയാന്‍ കഴിയുന്നത്   എന്നെയും മമ്മൂട്ടിയേയും പോലുള്ള കുറച്ചാളുകളെങ്കിലും ഇവിടെ ഉള്ളത് കൊണ്ടാണ്.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ ദിവസം ഒരു പത്ര റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ഞാന്‍ ബോധം കെട്ട് വീഴാന്‍ പോയി. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദായി മമ്മൂട്ടി അഭിനയിക്കാന്‍ ഒരുങ്ങുന്നുവത്രേ!!. പ്രിയ മമ്മൂട്ടീ, ഈ കടും കൈ അങ്ങ് ചെയ്യരുത് എന്ന് അഭ്യര്‍ത്ഥിക്കുവാനാണ് ഞാനീ ബ്ലോഗ്‌ എഴുതുന്നത്‌ . ബഷീറിന്റെ മജീദ്‌ ചോരത്തിളപ്പുള്ള ഒരു യുവാവാണ്. അറുപതിനോടടുത്ത അങ്ങ് എങ്ങനെ മേക്കപ്പിട്ടാലും മജീദാവില്ല. എത്രയെത്ര പയ്യന്മാര്‍ റോളില്ലാതെ തേരാ പാരാ നടക്കുന്നു. അവര്‍ക്കാര്‍ക്കെങ്കിലും ഒരവസരം കൊടുക്കൂ സാര്‍ . മലയാളത്തിന്റെ എക്കാലത്തെയും മഹാനായ ആ എഴുത്തുകാരനോട്‌ തെല്ലെങ്കിലും ബഹുമാനം അങ്ങേക്ക് ഉണ്ടെങ്കില്‍ ഈ ക്രൂരകൃത്യത്തില്‍ നിന്നും എത്രയും പെട്ടെന്ന് അങ്ങ് പിന്മാറണം. നിങ്ങള്‍ ചന്തുവായി, അംബേദ്‌കറായി, പഴശ്ശി രാജയായി വന്നപ്പോഴൊക്കെ കസേരയില്‍ കയറി നിന്ന് വിസിലടിച്ചവരാണ് കേരളത്തിലെ പ്രേക്ഷകര്‍ . പ്രായത്തിനു യോജിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്‌താല്‍ അവരിനിയും വിസിലടിക്കും. പക്ഷെ അവരെക്കൊണ്ടു നിങ്ങളായിട്ട്‌ കൂകിപ്പിക്കരുത്. ബ്ലീസ്..

നാല്പതു കൊല്ലമായി നിങ്ങള്‍ ഇവിടെയുണ്ട്. ഇപ്പോഴും പ്രായം കണ്ടാല്‍ ചര്‍മം തോന്നുകയില്ല!!. അതുകൊണ്ട് ഒന്ന് സെലക്റ്റീവായാല്‍ ഇച്ചിരി കൂടി പിടിച്ചു നില്‍ക്കാം. അതല്ല, ആക്രാന്തം കാണിച്ചാല്‍ തിലകന്റെ ഗതി വരും.ഇനി നിങ്ങള്‍ക്ക് മജീദായി അഭിനയിച്ചേ അടങ്ങൂ എന്ന വാശിയുണ്ടെങ്കില്‍ സുഹറയുടെ കാര്യത്തിലും ആ വാശി കാണിക്കണം. ചുരുങ്ങിയത് കെ പി എ സി ലളിതയുടെ ജനുസ്സില്‍ പെട്ട ആരെയെങ്കിലും നായികയായി കണ്ടെത്തണം. ജോഡി മാച്ചായി വരുമ്പോള്‍ അതിനൊരു സുഖമുണ്ട്. ഭാവനയുള്ള തിരക്കഥാകൃത്താണെങ്കില്‍ ഒറ്റ ട്വിസ്റ്റ്‌ കൊണ്ട് ബാല്യകാലസഖി യെ വൃദ്ധകാലസഖിയാക്കി  മാറ്റുകയും ചെയ്യാം. ഏത്? 



മമ്മുക്ക, .. നിങ്ങളുടെ   അഭിനയമികവിനെ ഒട്ടും കുറച്ചു കാണുന്നില്ല. പക്ഷെ മാറുന്ന കാലത്തിനും ശരീരത്തിനും പുറം തിരിഞ്ഞു നില്‍ക്കരുത്. നിങ്ങള്‍  മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിയ ഇമേജ് വളരെ വലുതാണ്‌.മഹാ വൃക്ഷങ്ങള്‍ പോലെ ആഴത്തില്‍ വേരുകളാഴ്ത്തി അത് ഇവിടെയുണ്ട്. നിങ്ങള് തന്നെ അത് കോടാലിയെടുത്ത് മുറിച്ചു മാറ്റരുത്.  പേരക്കുട്ടികളെ കളിപ്പിച്ച്, ഇടക്കൊക്കെ ഒരു ദുഫായി ട്രിപ്പ്‌ നടത്തി അങ്ങനെയങ്ങ് കഴിഞ്ഞു പോയാല്‍ ഉള്ള പേര് ചീത്തയാവില്ല. കണ്‍സല്‍ട്ടന്‍സി ഫീസ്‌ വാങ്ങിക്കാതെ ഞാന്‍ നല്‍കുന്ന ഈ ഉപദേശം കേട്ടാല്‍ നിങ്ങള്‍ക്ക് നന്ന്, പ്രേക്ഷകര്‍ക്കും നന്ന്. മമ്മുക്കാ, അപ്പൊ പറഞ്ഞ പോലെ, മജീദ്‌ ഭായിയെ വെറുതെ വിട്ടേര്..

By Basheer Vallikunnu

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews