New Site

Saturday, May 21, 2011

ജനപ്രിയന്‍ (Janapriyan)

സീരിയല്‍ സംവിധായകനായ ബോബന്‍ സാമുവലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ മുഴുനീള ചലച്ചിത്രമാണ്‌ 'ജനപ്രിയന്‍'. ജയസൂര്യ, ഭാമ, മനോജ് കെ. ജയന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെന്ന ഈ ചിത്രത്തിനു വേണ്ടി; 'ഇവര്‍ വിവാഹിതരായാല്‍', 'ഹാപ്പി ഹസ്‍ബന്‍ഡ്സ്' എന്നീ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവായ കൃഷ്ണ പൂജപ്പുര കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു. സ്പോട്ട് ലൈറ്റ് വിഷന്‍സിന്റെ ബാനറില്‍ മാമ്മെന്‍ ജോണ്‍, റീന എം. ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചില ചില്ലറ ചിരിയും മറ്റും അവിടെയുമിവിടെയും കണ്ടേക്കാമെങ്കിലും, മൊത്തത്തില്‍ നോക്കുമ്പോള്‍ 'കൊള്ളാവുന്നൊരു പടം' എന്നതിനേക്കാള്‍ 'ബോറുപടം' എന്ന വിശേഷണമാണ്‌ 'ജനപ്രിയന്‌' കൂടുതല്‍ ചേരുക.


ഹിറ്റായി മാറിയ തന്റെ മുന്‍ചിത്രങ്ങളുടെ അതേ അച്ചില്‍ തന്നെയാണ്‌ കൃഷ്ണ പൂജപ്പുര ഈ ചിത്രത്തിന്റെയും തിരനാടകം എഴുതിയിരിക്കുന്നത്. പ്രൊഡ്യൂസറെന്നാല്‍ എന്താണെന്ന് ചോദിക്കുകയും പ്രൊഡ്യൂസറെ കാണുവാന്‍ പ്രൊജക്ടര്‍ മുറിയില്‍ കയറുകയും ചെയ്യുന്ന നിഷ്കളങ്കനായ (മണ്ടനായ എന്നു കാണികള്‍ക്കു തോന്നും), ഏത് ജോലിയിലും അതിസമര്‍ത്ഥനായ, ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള, ഗ്രാമവാസിയായ നായകന്‍. കഷ്ടപ്പാടുകളില്‍ വളര്‍ന്ന ഒരു പാവം പെണ്‍കുട്ടിക്ക് ജീവിതം കൊടുക്കുവാന്‍ നടക്കുന്ന നായകനെ, വേലക്കാരിയാണെന്നു തെറ്റിദ്ധരിപ്പിച്ച് കൂടെ കൂടുന്ന അതിസമ്പന്നനായ അച്ഛന്റെ ഒരേയൊരു മകളായ നായിക‍. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സ്വര്‍ണ മെഡലോടെ പാസായെങ്കിലും, ആകെയൊരു പേട്ട് കഥ മാത്രം പറയുവാനറിയുന്ന, ജോലിയും കൂലിയുമുപേക്ഷിച്ച് സംവിധായകനാവാന്‍ നടക്കുന്ന മറ്റൊരാള്‍. ഇങ്ങിനെ, കൃഷ്ണ പൂജപ്പുരയുടെ സിനിമയില്‍ മാത്രം കാണുവാന്‍ കിട്ടുന്ന കുറേ അവതാരങ്ങളാണ്‌ ഇതിലെ കഥാപാത്രങ്ങള്‍. ചില സന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമൊക്കെ ഒരു ചിരിക്കുണ്ട് എന്നതുമാത്രം രചനയിലെ മികവായി പറയാം.


നായകനായ പ്രിയദര്‍ശനെ അവതരിപ്പിച്ച ജയസൂര്യയുടേയും വൈശാഖന്‍ എന്ന ഗതിപിടിക്കാത്ത സംവിധായകനായെത്തിയ മനോജ് കെ. ജയന്റേയും പ്രകടനങ്ങള്‍ക്ക് മിമിക്രി എന്ന പേരാണ്‌ അഭിനയം എന്നതിനേക്കാള്‍ യോജിക്കുക. കാരിക്കേച്ചറോ മറ്റോ ആയാണ്‌ ഇവരെ ഉദ്ദേശിച്ചതെന്ന് വേണമെങ്കില്‍ കരുതാം. പക്ഷെ, സ്വാഭാവികമായി മറ്റുള്ള എല്ലാവരും അഭിനയിക്കുകയും ഇവര്‍ മാത്രം ഈ വിധമാവുകയും ചെയ്യുമ്പോള്‍ അത് കല്ലുകടി തന്നെയാണ്‌. നായികമാരായ ഭാമ, സരയു; ഇതര വേഷങ്ങളിലെത്തുന്ന ജഗതി ശ്രീകുമാര്‍, ലാലു അലക്സ് തുടങ്ങിയവരൊക്കെ തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. ഭീമന്‍ രഘു, ദേവന്‍, ഗീത വിജയന്‍, സലിം കുമാര്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരൊക്കെയാണ്‌ മറ്റു ചില അഭിനേതാക്കള്‍.

ചിത്രത്തിന്റെ മറ്റ് മേഖലകളെ അപേക്ഷിച്ച് സാങ്കേതികവിഭാഗം ഏറെ മുന്നിലാണ്‌. പ്രദീപ് നായരുടെ ക്യാമറ പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ കാഴ്ചയ്ക്ക് നന്ന്. വി.ടി. ശ്രീജിത്ത് അവയൊക്കെ തരക്കേടില്ലാതെ കൂട്ടിയിണക്കിയിട്ടുമുണ്ട്. മനു ജഗത്തിന്റെ കലാസംവിധാനം, പാണ്ഡ്യന്റെയും എസ്.ബി. സതീശന്റെയും ചമയം, വസ്‍ത്രാലങ്കാരം എന്നിവയും മികവു പുലര്‍ത്തുന്നു. സന്തോഷ് വര്‍മ്മ എഴുതി ആര്‍. ഗൗതം ഈണമിട്ട, കേട്ടിരിക്കുവാന്‍ പോലും ഗുണപ്പെടാത്ത മൂന്നോ നാലോ ഗാനങ്ങളുള്ളത് ചിത്രത്തിന്‌ ബാധ്യത മാത്രമാണ്‌. രേഖയും ഉല്ലാസുമൊക്കെ ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഈ ഗാനങ്ങളിലെ നൃത്തഭാഗങ്ങളും തഥൈവ. സംഘട്ടനത്തിനു വേണ്ടി രംഗങ്ങളൊന്നും തിരുകിയിട്ടില്ല എന്നതില്‍ മാത്രം കാണികള്‍ക്ക് ആശ്വാസം കണ്ടെത്താം.

ആദ്യ പകുതിക്ക് ശേഷം സിനിമ എങ്ങോട്ട് കൊണ്ടുപോവണമെന്ന് സംവിധായകനും തിരക്കഥാകൃത്തിനുമൊന്നും വലിയ ധാരണയുണ്ടായിരുന്നില്ല എന്നു വേണം കരുതുവാന്‍. നായകന്‍ ഭാവി സംവിധായകനേയും നിര്‍മ്മാതാവിനേയുമൊക്കെ കഥ പറഞ്ഞു കേള്‍പ്പിക്കുന്ന രംഗങ്ങളൊക്കെ സാമാന്യം നന്നായിത്തന്നെ കാണികളെ മടുപ്പിക്കുന്നുണ്ട്. ഒരു എപ്പിസോഡില്‍ പറയുവാനുള്ളത് ഒരാഴ്ചയ്ക്കുള്ള വകയാക്കുന്ന സീരിയല്‍ സംവിധാനത്തിലുള്ള ശീലം ഈ സിനിമയിലും പ്രയോഗിച്ചതാണ്‌ വിനയായത്. ഒരു ചെറുസിനിമയില്‍ തീരുന്ന കഥ നീട്ടി ഒരു മുഴുനീള സിനിമയാക്കിയതിന്റെ കുഴപ്പം ചിത്രത്തില്‍ തെളിഞ്ഞു കാണാം. ഇതില്‍ തന്നെ കാണിച്ചിട്ടുള്ള സംവിധായകനെ മാതിരി, സിനിമയുടെ സാങ്കേതിക കാര്യങ്ങളൊക്കെ നല്ല പിടിയാണ്‌, പക്ഷെ കൈയ്യില്‍ കലയില്ല; ഈയൊരു അവസ്ഥയാണ്‌ ബോബന്‍ സാമുവലിന്റേതും എന്നു തോന്നുന്നു. കൊള്ളാവുന്നൊരു തിരക്കഥാകൃത്തിനെ കിട്ടിയാല്‍ ഒരുപക്ഷെ ചില ജനപ്രിയ ചിത്രങ്ങളൊരുക്കുവാന്‍ ബോബനു സാധിച്ചേക്കും. ഏതായാലും ഈ ചിത്രത്തിന്റെ കാര്യത്തില്‍ അങ്ങിനെയൊരു പ്രിയത ചിത്രത്തിന്റെ പേരില്‍ മാത്രമായി ഒതുങ്ങുവാനാണ്‌ സാധ്യത!


By Chithra Vishesham

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews