New Site

Saturday, May 21, 2011

മേല്‍വിലാസം (Melvilasom)

നവാഗതനായ മാധവ് രാമദാസന്റെ സംവിധാനത്തില്‍ ഏപ്രില്‍ മാസം ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രമാണ്‌ 'മേല്‍വിലാസം'. സൂര്യ കൃഷ്ണ മൂര്‍ത്തിയുടെ ഇതേ പേരിലുള്ള നാടകത്തിന്റെ ചുവടുപിടിച്ചാണ്‌ സിനിമ തയ്യാറാക്കിയിരിക്കുന്നത്. രചയിതാവായി സിനിമയിലും കൃഷ്ണ മൂര്‍ത്തിയുടെ പങ്കാളിത്തമുണ്ട്. സുരേഷ് ഗോപി, പാര്‍ത്ഥിപന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. മാര്‍ക് മൂവീസിന്റെ ബാനറില്‍ മുഹമ്മദ് സലീം, എം. രാജേന്ദ്രന്‍ എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിനു വേണ്ടി പണമിറക്കിയിരിക്കുന്നത്. മേലുദ്യോഗസ്ഥരില്‍ ഒരാളെ വെടിവെച്ച് കൊല്ലുകയും മറ്റൊരാളെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിന്‌ സവര്‍ രാമചന്ദ്രന്‍ എന്ന പട്ടാളക്കാരനെ കുറ്റവിചാരണ ചെയ്യുന്നതാണ്‌ സിനിമയുടെ ഇതിവൃത്തം. വിചാരണ നടക്കുന്ന കോടതി മുറിവിട്ട് ഒരിക്കല്‍ പോലും ക്യാമറ പുറത്തേക്ക് പോവുന്നില്ല എന്ന പ്രത്യേകതയ്ക്കൊപ്പം സംഭവങ്ങളുടെ സമയഗതി അതേപടി സിനിമയിലുമുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.


തിരക്കഥയാണ്‌ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ഒരു നാടകം സിനിമയാക്കുമ്പോള്‍, അതേ രീതിയില്‍ പറയേണ്ടതുണ്ടോ എന്ന് ന്യായമായും സംശയിക്കാം. ആവശ്യമെങ്കില്‍ ചില കഥാപാത്രങ്ങളുടെയെങ്കിലും ഓര്‍മ്മയിലൂടെ സഞ്ചരിക്കുവാന്‍ സിനിമയില്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ അത്തരം രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ സിനിമ പറയുവാനുദ്ദേശിച്ച കാര്യങ്ങള്‍ ഇത്രത്തോളം ശക്തമായി പ്രേക്ഷകരിലെത്തിക്കുവാന്‍ കഴിയുമായിരുന്നോ എന്നും സംശയിക്കാം. അതിനാല്‍ തന്നെ ആ രീതിയിലൊരു സമീപനം ചിത്രത്തില്‍ സ്വീകരിക്കാത്തത് നല്ലൊരു തീരുമാനമായി മാത്രമേ കാണുവാന്‍ കഴിയൂ. ഇത്രയും ഗൗരവമുള്ള ഒരു വാദത്തിനിടയില്‍ വരുന്ന ചില സംഭാഷണങ്ങള്‍ മാത്രം അല്‍പം ബാലിശമായി അനുഭവപ്പെട്ടു. മാത്രമല്ല, കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്ന് കോടതിക്ക് ബോധ്യമാവുന്ന ആര്‍മി ഡോക്ടറോട് മറ്റേതെങ്കിലും ജോലി നോക്കുവാനായി പ്രിസൈഡിംഗ് ഓഫീസര്‍ പറയുന്നെങ്കില്‍; അതിലുമധികം ഗൗരവം നല്‍കേണ്ട ഒട്ടേറെ വീഴ്ചകള്‍ വരുത്തുകയും കോടതിയില്‍ തന്നെ നിലവിട്ട് പെരുമാറുകയും ചെയ്ത ഉദ്യോഗസ്ഥന്‌ യാതൊരു വിധ ശിക്ഷയും കോടതി നല്‍കുന്നില്ല എന്നതില്‍ യുക്തിക്കുറവുണ്ട്. കപൂര്‍, ഗുപ്ത, സിംഗ് എന്നിങ്ങനെ അവസാനിക്കുന്ന പേരുകള്‍ കഥാപാത്രങ്ങളെല്ലാം മലയാളികളെന്ന സൂചനയല്ല നല്‍കുന്നതെങ്കിലും എല്ലാവരും നല്ല സ്ഫുടമായി മലയാളം പറയുന്നതിലുമുണ്ട് ചെറിയ കല്ലുകടി. ഇത്തരത്തില്‍ ചില പൊരുത്തക്കേടുകളുണ്ടെങ്കിലും മുഴുവനായി നോക്കുമ്പോള്‍ രചയിതാവെന്ന നിലയില്‍ സൂര്യ കൃഷ്ണ മൂര്‍ത്തി തന്റെ കടമ ഭംഗിയായി നിര്‍വ്വഹിച്ചു എന്നു തന്നെ പറയാം.

തന്റെ ആദ്യ ചിത്രമെങ്കിലും അതിന്റേതായ ഒരു കുറവും ചിത്രത്തില്‍ വരാതെ കാക്കുവാന്‍ മാധവ് രാമദാസിന്‌ സാധിച്ചു എന്നതാണ്‌ ചിത്രത്തിന്റെ മികവുയര്‍ത്തുന്ന പ്രധാന ഘടകം. അഭിനേതാക്കളേയും സാങ്കേതിക വിദഗ്ദ്ധരേയും സിനിമയ്ക്കുതകുന്ന രീതിയില്‍ ഉപയോഗിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ഒരു കോടതി മുറിയില്‍ കിടന്നു വട്ടം കറങ്ങുകയാണെങ്കില്‍ പോലും ചിത്രം ഒരിടത്തും പ്രേക്ഷകരെ മടുപ്പിക്കുന്നില്ല. മാത്രവുമല്ല, കോടതി നടപടികള്‍ നിരീക്ഷിക്കുന്നവരാക്കി കാണികളെ മാറ്റുവാനും സംവിധായകനു കഴിഞ്ഞു. ഒരൊറ്റ ദൃശ്യകോണിലാണ്‌ ഒരു നാടകം കാണുന്നതെങ്കില്‍, ഇവിടെയൊരു കാണിക്ക് വിവിധ വീക്ഷണകോണുകള്‍ ലഭിക്കുന്നു എന്നൊരു വ്യത്യാസം മാത്രമേ നാടകവുമായി നോക്കുമ്പോഴുള്ളൂ. (പ്രമേയത്തില്‍ മറ്റെന്തെങ്കിലും വ്യത്യാസം കൊണ്ടുവന്നിട്ടുണ്ടോ എന്ന് നാടകം കണ്ടിട്ടില്ലാത്തതിനാല്‍ അറിയില്ല.) കഥാപാത്രങ്ങളുടെ മനോവിചാരങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുവാന്‍ ക്ലോസ്-അപ്പ് ഷോട്ടുകളിലൂടെ സിനിമയാവുമ്പോള്‍ സാധിക്കും. ഈ തരത്തില്‍ സിനിമയെന്ന മാധ്യമത്തിന്റെ അവശ്യം വേണ്ടുന്ന സാധ്യതകള്‍ മാത്രം ഉപയോഗിച്ചാണ്‌ ഇവിടെ വിഷയം അവതരിപ്പിച്ചിരിക്കുന്നത്.

ആനന്ദ് ബാലകൃഷ്ണനാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം. സാധ്യതകള്‍ പരിമിതമെങ്കിലും, വിവിധ വീക്ഷണകോണുകള്‍ ഇടകലര്‍ത്തി കാഴ്ചയിലെ വിരസത ഒഴിവാക്കുവാന്‍ ഛായാഗ്രാഹകന്‌ കഴിഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ ശബ്ദങ്ങളും മറ്റും മറ്റും നാടകത്തിലെന്ന മട്ടില്‍ പശ്ചാത്തലത്തില്‍ ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കാം. ഹെലികോപ്ടറിന്റെ ശബ്ദം സംസാരത്തെ തടസപ്പെടുത്തുന്ന ആ ഒരു രംഗം അണിയറപ്രവര്‍ത്തകരുടെ പരസ്പരധാരണയ്ക്ക് തെളിവാണ്‌. ക്യാമറയുടെ വീക്ഷണകോണിനനുസൃതമായി ശബ്ദത്തിലും ഉയര്‍ച്ച താഴ്ചകള്‍ വരുന്നുണ്ട് എന്നതും ശ്രദ്ധേയം. സാംസണ്‍ കൊട്ടൂരാണ്‌ പശ്ചാത്തലസംഗീതമെങ്കില്‍ പ്രദീപിന്റെയാണ്‌ ഇഫക്ടുകള്‍. കോടതി മുറി, അവിടുത്തെ പ്രകാശ സജ്ജീകരണം എന്നിവയ്ക്കും സ്വാഭാവികത തോന്നിക്കും. ഗോകുല്‍ ദാസിന്റെ കലാസംവിധാനം, പ്രദീപ് രങ്കന്റെ ചമയം, എസ്.ബി. സതീശന്റെ ചമയങ്ങള്‍ എന്നിവയും ചിത്രത്തിനു ഗുണം ചെയ്തു.

ചിത്രീകരണ സമയത്തു തന്നെയുള്ള സന്നിവേശം സജ്ജവനും പിന്നീടുള്ള സം‍യോജനം കെ. ശ്രീനിവാസനും നടത്തിയിരിക്കുന്നു. ഒരു Real-time ചിത്രമെന്ന് കേട്ടപ്പോള്‍, ഒരൊറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കിയ 'റഷ്യന്‍ ആര്‍ക്' എന്ന റഷ്യന്‍ ചലച്ചിത്രമാണ്‌ ഓര്‍മ്മയിലെത്തിയത്. അത്തരത്തിലൊരു ശ്രമമല്ല ഇവിടെ, അങ്ങിനെ തുടക്കത്തില്‍ എഴുതിക്കാണിക്കുന്നത് എന്തര്‍ത്ഥത്തിലാണെന്നും മനസിലാവുന്നില്ല. വിവിധ ഷോട്ടുകളും, കട്ടുകളും, കൂട്ടിച്ചേര്‍ക്കലുകളും ഒക്കെയുള്ള ഒരു ചിത്രം തന്നെയാണിത്. ഇനി നടപടികളുടെ സമയം അതേപടി ചിത്രത്തിലുണ്ട് എന്നാണെങ്കില്‍, അങ്ങിനെ പറയുന്നതിലും സാധൂകരണമില്ല. (പത്ത് മിനിറ്റ് ഇടവേളകള്‍ മൂന്നു തവണ കോടതി എടുക്കുന്നുണ്ട്, അത് രണ്ടു മണിക്കൂര്‍ സിനിമയില്‍ സാധ്യമല്ലല്ലോ!) പിന്നെന്തിനായിരുന്നു ഇങ്ങിനെയൊരു വാദമെന്ന് മനസിലായില്ല. ഇടവേളയുടെ കാര്യമൊഴിവാക്കിയാല്‍ പോലും സമയഗതിയില്‍ നീക്കുപോക്കുകള്‍ ചെയ്തിട്ടില്ല എന്നു വിശ്വസിക്കുവാന്‍ പ്രയാസം. ആ രീതിയില്‍ നോക്കുമ്പോള്‍ സജ്ജവന്റെയും കെ. ശ്രീനിവാസന്റെയും രണ്ടു ഘട്ടമായുള്ള ചിത്രസന്നിവേശം എത്രത്തോളം ലക്ഷ്യത്തിലെത്തി എന്നു സംശയിക്കേണ്ടി വരും. അങ്ങിനെയൊരു വാദമില്ലായിരുന്നെങ്കില്‍, ഇരുവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി എന്നും പറയാം.

അഭിനേതാക്കളെല്ലാവരും തന്നെ സംവിധായകന്റെ മനസറിഞ്ഞ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനാവുന്ന ചിത്രം എന്നൊന്നുമുള്ള വിശേഷണങ്ങള്‍ ഈ ചിത്രത്തിനിണങ്ങില്ല. എല്ലാ കഥാപാത്രങ്ങളും ഒരുപോലെ പ്രാധാന്യം നേടുന്നുണ്ട് ഈ രണ്ടു മണിക്കൂര്‍ ചിത്രത്തില്‍. സുരേഷ് ഗോപി, പാര്‍ത്ഥിപന്‍, തലൈവാസല്‍ വിജയ്, അശോകന്‍ എന്നിവരുടെയൊക്കെ കഥാപാത്രങ്ങള്‍ സിനിമ കഴിഞ്ഞാലും ഓര്‍മ്മയിലുണ്ടാവും. നിയന്ത്രിതമായ മുഖഭാവങ്ങളിലൂടെ സവാര്‍ രാമചന്ദ്രനെ മികവുറ്റതാക്കിയ പാര്‍ത്ഥിപന്‍ ഇവരില്‍ മുമ്പിട്ടു നില്‍ക്കുന്നു. ബി.ഡി. കപൂറായുള്ള കൃഷ്ണകുമാറിന്റെ അഭിനയം മാത്രം ചിലപ്പോഴൊക്കെ അല്‍പം അമിതമായില്ലേ എന്നു സംശയം. നിഴല്‍കള്‍ രവിയാണ്‌ അത്രകണ്ട് മികവ് പുലര്‍ത്താതെപോയ മറ്റൊരാള്‍. തുടക്കത്തിലും ഒരിടവേളയിലും കോടതി മുറി സജ്ജീകരിക്കുവാനെത്തുന്ന ജവാന്മാരുടെ അഭിനയവും അല്‍പം പിന്നിലായി. ചിത്രത്തില്‍ പട്ടാളക്കാരെല്ലാം ഏതു സമയവും മറ്റുള്ളവര്‍ ചെകിടന്മാരാണോ എന്ന് സംശയിച്ചു പോവുന്നത്രയും ഉച്ചത്തിലാണ്‌ സംസാരം, ഇനി അതങ്ങിനെ തന്നെയാണോ യഥാര്‍ത്ഥത്തിലും?

കൊന്നയാളെ രക്ഷിക്കുകയല്ല അതയാള്‍ എന്തുകൊണ്ട് ചെയ്തു എന്നു കണ്ടെത്തുകയാണ്‌ തന്റെ ലക്ഷ്യമെന്നാണ്‌ പ്രതിഭാഗം വക്കീലിന്റെ പക്ഷം. എന്നാലതിനപ്പുറം മനസിനെ പിടിച്ചുലയ്ക്കുന്ന ഒന്ന്, അവസാന രംഗത്തിനു വിരാമമിട്ടുകൊണ്ട് സംവിധായകന്‍ കരുതിയിട്ടുണ്ട്. അതിനു പോലും, ബി.ഡി. കപൂര്‍ എന്ന ഉദ്യോഗസ്ഥന്റെ 'തറവാടി' മനോഭാവത്തോട് കോടതി പാലിക്കുന്ന മൗനം ഉണ്ടാക്കുന്ന അസഹ്യത കുറയ്ക്കുവാന്‍ കഴിയുന്നില്ല എന്നതാണ്‌ പരമാര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ പട്ടാളക്കോടതികള്‍ ഇത്തരത്തിലാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍, ബി.ഡി. കപൂറിനെ പോലുള്ളവരെ ജവാന്മാര്‍ വെടിവെച്ചു കൊന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരുപക്ഷെ, ഈയൊരു അസഹ്യത തോന്നിപ്പിക്കുക എന്നതായിരിക്കാം രചയിതാവിന്റെ/സംവിധായകന്റെ ലക്ഷ്യവും. പ്രമേയം / പരിചരണം - ഏതു തരത്തില്‍ നോക്കിയാലും; സമകാലീന മലയാള സിനിമകളില്‍ വേറിട്ടൊരു അനുഭവം നല്‍കുവാന്‍ പ്രാപ്തമാണ്‌ ഈ ചിത്രം. ഈയൊരു അനുഭവമൊന്ന് രുചിച്ചു നോക്കുവാനെങ്കിലും 'മേല്‍വിലാസം' ഒരുവട്ടമെങ്കിലും ചലച്ചിത്രപ്രേമികള്‍ കാണേണ്ടതുണ്ട്. പുതുതായി ഉയര്‍ന്നുവരുന്ന ഇത്തരം ചലച്ചിത്രസം‍രംഭങ്ങളിലൂടെ മലയാള സിനിമയ്ക്കൊരു പുതിയ മേല്‍വിലാസം നേടിയെടുക്കുവാന്‍ സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ പിന്തുണ തീര്‍ച്ചയായും അത്യന്താപേക്ഷിതവുമാണ്‌.





0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews