New Site

Saturday, May 14, 2011

മാണിക്യക്കല്ല്‌ (Maanikyakkallu)





കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: എം. മോഹനന്‍

നിര്‍മ്മാണം: എ. എസ്‌. ഗിരീഷ്‌ ലാല്‍

-------------------------------------------------------------------------------------
വണ്ണാമല എന്ന ഗ്രാമത്തിലെ ഗവര്‍ണ്‍മന്റ്‌ സ്കൂളില്‍ പത്താം ക്ലാസ്സില്‍ എല്ലാവരും തോറ്റതിന്റെ വാര്‍ത്തകളുമായി ഈ ചിത്രം ആരംഭിക്കുന്നു.

തുടര്‍ന്നുള്ള കുറച്ചുസമയം ഈ പ്രദേശത്തെ ജനങ്ങളെയും സ്കൂളിനെയും അവിടുത്തെ അദ്ധ്യാപകരെയും കുട്ടികളേയും കുറിച്ച്‌ ഒരു ഏകദേശരൂപം നല്‍കാനായി മാറ്റിവച്ചിരിക്കുന്നു.

പലപ്രാവശ്യം കണ്ട്‌ ആസ്വദിക്കുകയും ആവര്‍ത്തനങ്ങള്‍ അധികമായപ്പോള്‍ ബോറാവുകയും ചെയ്തുതുടങ്ങുന്ന അതേ ജനജീവിതവും സാഹചര്യങ്ങളും വീണ്ടും ഇവിടെയും കാണാം. ഒരു ചായക്കട, അതിനെ ചുറ്റിപ്പറ്റിയുള്ള കുറേ ആളുകളും അവരുടെ വര്‍ത്തമാനങ്ങളും.
സ്കൂളിലെ പ്രധാന അദ്ധ്യാപകനായി നെടുമുടി വേണു അഭിനയിക്കുന്നു. പലപ്രാവശ്യം കണ്ട വേഷമാണെങ്കിലും അദ്ദേഹം പതിവുപോലെ തന്മയത്വത്തോടെ ഇവിടെയും അഭിനയിച്ചിരിക്കുന്നു. സ്കൂളിലെ പ്രധാന അദ്ധ്യാപകനാണെങ്കിലും പ്രധാനപരിപാടി വളക്കച്ചവടവും കൃഷിയോടുള്ള കമ്പവും.

പ്രേക്ഷകര്‍ പലപ്രാവശ്യം കണ്ടുമടുത്ത മറ്റ്‌ പുതുമയുള്ള കഥാപാത്രങ്ങള്‍ ആ സ്കൂളിലെ മറ്റ്‌ അദ്ധ്യാപകരാണ്‌. ഡാന്‍സും പാട്ടും പഠിപ്പിക്കുന്ന ജഗദീഷ്‌ റിയാലിറ്റി ഷോയ്ക്ക്‌ വേണ്ടി ഒരു പെണ്‍കുട്ടിയെയും അതിന്റെ അമ്മയേയും കരാറെടുത്ത്‌ കൊണ്ടുനടക്കുന്നതുമായി ബന്ധപ്പെട്ട രംഗങ്ങള്‍ വളരെ ബോറായിരുന്നു. ഭര്‍ത്താവ്‌ ഗള്‍ഫിലുള്ള ഒരു ടീച്ചര്‍, അദ്ധ്യാപകസംഘടനാപ്രവര്‍ത്തനമുള്ള ഒരു അദ്ധ്യാപകന്‍ (അനില്‍ മുരളി), സ്ഥലക്കച്ചവടവും മറ്റ്‌ എന്തൊക്കെയോ (ജട്ടിയെന്നോ മറ്റോ പറയുന്നുണ്ട്‌) ഇടപാടുകളുമായി നടക്കുന്ന ഒരു അദ്ധ്യാപകന്‍ (കോട്ടയം നസീര്‍), വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാക്കുന്നതും പ്രധാന തൊഴിലാക്കിയ ഒരു മുസ്ലീം അദ്ധ്യാപകന്‍ (അനൂപ്‌ ചന്ദ്രന്‍.. പണിയെടുത്ത്‌ അദ്ദേഹത്തിന്റെ നടുവൊടിഞ്ഞു... എന്നും നടുവേദനയാണത്രേ), പിന്നെ കോഴിവളര്‍ത്തലും മുട്ടക്കച്ചവടവും പ്രധാന ഇനമായി കൊണ്ടുനടക്കുന്ന പി.ടി. ടീച്ചറായി സംവൃതസുനിലും. അവിടെയുള്ള പ്യൂണായി സലിം കുമാര്‍. ആളുകളെക്കൊണ്ട്‌ ബഹുമാനത്തോടെ വിളിപ്പിക്കാനായി ഗസറ്റില്‍ പേര്‌ മാറ്റി 'തമ്പുരാന്‍' എന്നാക്കിയതാണത്രേ ഇദ്ദേഹം.

നാട്ടുകാര്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടാത്ത ഈ സ്കൂളില്‍ ആര്‍ക്കോ വേണ്ടി പഠിക്കുന്ന കുറച്ച്‌ കുട്ടികള്‍.

ഈ സെറ്റപ്പിലേയ്ക്കാണ്‌ വിനയചന്ദ്രന്‍ മാഷായി പൃഥ്യിരാജ്‌ എത്തുന്നത്‌.

ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റിന്റെ ഘടനതന്നെ പ്രേക്ഷകര്‍ക്ക്‌ നേരിട്ട്‌ കാര്യങ്ങളുടെ സൂചനകൊടുക്കുന്ന രീതിയില്‍ പറയുകയും വ്യക്തമായി വരാന്‍പോകുന്ന സംഗതികളുടെ രൂപം നല്‍കുകയും ചെയ്യുന്നതാകുകയാല്‍ വളരെ നിസ്സംഗഭാവത്തില്‍ ഇരുന്ന് സിനിമ കാണാം.

ചായക്കടക്കാരന്‍ (ഇന്ദ്രന്‍സ്‌) അവിടെ ചായകുടിക്കാനെത്തുന്ന ഒരു അദ്ധ്യാപകനോട്‌ പറയുന്ന ഒരു ഡയലോഗ്‌ "സൈഡ്‌ ബിസിനസ്സൊക്കെ തീരാറായി... പുതിയ മാഷ്‌ വരുന്നുണ്ട്‌. വിനയചന്ദ്രര്‍.."

ചോദ്യം: ഇത്‌ കേട്ടാല്‍ പ്രേക്ഷകര്‍ എന്ത്‌ മനസ്സിലാക്കണം?
ഊഹം: "ഈ വരുന്നത്‌ ഒരു പുലിയാണ്‌.. ഈ മാഷ്‌ വന്നാല്‍ പിന്നെ ഇവിടെ വേറൊരു പരിപാടിയും നടക്കില്ല" എന്ന്. "അതെന്താ അങ്ങനെ?" എന്ന് ചോദിക്കരുത്‌. കാരണം, വരുന്നത്‌ ഹീറോയാണ്‌.

സ്കൂളിലെ അച്ചടക്കമില്ലാത്ത അനുസരണയില്ലാത്ത കുട്ടികളുടെ ക്ലാസ്സില്‍ വിനയചന്ദ്രന്‍ മാഷ്‌ വരുന്നു. കുട്ടികളുമായി സംവദിക്കുന്നു, കാര്യങ്ങള്‍ മനസ്സിലാക്കുന്നു.

ചോദ്യം: ഇനി എന്ത്‌ സംഭവിക്കും?
ഊഹം: "ഈ കുട്ടികളെയൊക്കെ ഇദ്ദേഹം മിടുക്കന്മാരും മിടുക്കികളുമാക്കും"

കള്ളവാറ്റ്‌ നടത്തുന്ന സ്ഥലത്തെ ഒരു പ്രധാനിയുടെ (ജഗതി ശ്രീകുമാര്‍) കയ്യാളായി പ്രവര്‍ത്തിക്കുന്ന തലതിരിഞ്ഞ ഒരു പയ്യന്‍. ഈ പയ്യനെ വിനയചന്ദ്രന്‍ മാഷ്‌ കാണാന്‍ ചെല്ലുന്നു.

ചോദ്യം: ഇനി എന്ത്‌ സംഭവിക്കാം?
ഊഹം: "ഈ പയ്യനെ വിനയചന്ദ്രന്‍ മാഷ്‌ സ്നേഹിച്ച്‌ കൊല്ലും.. എന്നിട്ട്‌ നേര്‍വഴിക്ക്‌ നടത്തും. ഈ പയ്യന്‍ ചിലപ്പോള്‍ പോലീസ്‌ കേസുള്‍പ്പെടെയുള്ള കുഴപ്പങ്ങളില്‍ ചെന്ന് ചാടാം. അവിടെയൊക്കെ രക്ഷകനായി മാഷ്‌ വരുമായിരിക്കും"

മാഷ്‌ ഈ സ്കൂളിലെ അദ്ധ്യാപകരോട്‌ സംസാരിക്കുന്നു. സ്കൂള്‍ നല്ല നിലയില്‍ കൊണ്ടുപോകാന്‍ ശ്രമം ആരംഭിക്കുന്നു.

ചോദ്യമില്ല, ഊഹം മാത്രം.. "അദ്ധ്യാപകരൊക്കെ നേരെയാവാം"

ചാരായം വാറ്റുന്ന സ്ഥലത്തെത്തി കുട്ടികളെ ഉപയോഗിച്ച്‌ അത്‌ കടത്താനുള്ള ശ്രമത്തെ മാഷ്‌ എതിര്‍ക്കുന്നു.

ഊഹം: "ഈ മാഷ്‌ അടി എപ്പോഴെങ്കിലും മേടിക്കും. അപ്പോള്‍ എല്ലാവരേയും ഇടിച്ച്‌ പപ്പടമാക്കുമോ ആവോ? ഈശ്വരാ.. അങ്ങനെ സംഭവിക്കല്ലേ?" (ഇത്‌ സിനിമ നന്നാവണേ എന്ന് ആഗ്രഹമുള്ള ഒരു പാവം പ്രേക്ഷകന്റെ മനോഗതം)

"ആദ്യ പോസ്റ്റിംഗ്‌ തന്നെ എന്തിന്‌ ഇങ്ങനെയൊരു സ്കൂളില്‍ തന്നെ വേണം എന്ന് വച്ചു?" ഈ ചോദ്യം സിനിമയിലെ ഒരു കഥാപാത്രം തന്നെ ചോദിക്കുന്നതാണ്‌. അതിന്‌ വിനയചന്ദ്രന്‍ മാഷുടെ ഉത്തരം എന്തായിരുന്നാലും പ്രേക്ഷകന്റെ ഊഹം ഇങ്ങനെ: "ഇവിടെ മാഷിന്‌ എന്തോ പൂര്‍വ്വകാലവുമായി ബന്ധപ്പെട്ട ഒരു സെറ്റപ്പുണ്ട്‌"

മുകളില്‍ സൂചിപ്പിച്ചതെല്ലം ഒരു സാധാരണപ്രേക്ഷകന്‍ ഊഹിക്കാന്‍ സാദ്ധ്യതയുള്ള കാര്യങ്ങളാണെന്നേയുള്ളൂ. ഈ ഊഹങ്ങളെല്ലാം ശരിയായിക്കൊള്ളണമെന്നില്ല.. എങ്കിലും.....

പിന്നീട്‌ ഗുണ്ടകളുടെ അടികൊണ്ട്‌ ആശുപത്രിയില്‍ കിടക്കുമ്പോള്‍ കാണാന്‍ വരുന്ന പി.ടി. ടീച്ചറെ വിനയന്‍ മാഷ്‌ "ചന്തൂ.." എന്നൊരു വിളി വിളിച്ചതോടെ പ്രേക്ഷകര്‍ക്ക്‌ ആ പൂര്‍വ്വകാല സെറ്റപ്പ്‌ പിടികിട്ടി. ഛേ... ഛേ... അതൊന്നുമല്ല പ്രധാനകാര്യം. വേറെയും വികാരപരമായ സംഗതികളുണ്ട്‌. സസ്പെന്‍സാണ്‌. പ്രേക്ഷകര്‍ക്കല്ല സസ്പെന്‍സ്‌... ഈ റിവ്യൂ വായിക്കുന്നവര്‍ക്ക്‌. പ്രേക്ഷകര്‍ക്ക്‌ കാര്യങ്ങള്‍ അപ്പോള്‍ തന്നെ പിടികിട്ടും. വിനയചന്ദ്രന്‍ മാഷ്‌ വന്നതെന്താണെന്നും മറ്റും വ്യകതമായി വിവരിച്ചു തരും. നോ കണ്‍ ഫ്യൂഷന്‍സ്‌ പ്ലീസ്‌...

കുറച്ച്‌ കഴിയുമ്പോഴേയ്ക്കും നാട്ടുകാരും അദ്ധ്യാപകരും കുട്ടികളുമൊക്കെ നന്നായി എന്ന് ചായക്കടക്കാരന്‍ തന്നെ പ്രഖ്യാപിക്കുന്നു. അപ്പോള്‍ പ്രേക്ഷകരും സമ്മതിച്ചോളണം. "സമ്മതിച്ചു"

ഇനിയാണ്‌ ക്ലൈമാക്സിലേയ്ക്കുള്ള കാര്യങ്ങള്‍:

കുട്ടികളെല്ലാം പരീക്ഷയെഴുതി ഉന്നതമാര്‍ക്ക്‌ വാങ്ങി പാസ്സാകുമോ?

വിനയചന്ദ്രന്‍ മാഷ്‌ വന്ന തന്റെ ദൗത്യം വിജയിക്കുമോ?


-------------------------------------------------------------------------------------

വളരെ സാധാരണമായ ഒരു കഥ. കൃത്യമായി ഊഹിക്കാവുന്ന കഥാഗതിയും സംഭവങ്ങളും. പ്രതീക്ഷിച്ചപോലുള്ള നനഞ്ഞ ക്ലൈമാക്സ്‌. ഇതൊക്കെ ഈ സിനിമയുടെ മാറ്റ്‌ കുറയ്ക്കുന്നു.

കണ്ണ്‍ നനയ്ക്കുകയും ഹൃദയത്തെ സ്പര്‍ശിക്കുന്നതുമായ രണ്ട്‌ മൂന്ന് രംഗങ്ങള്‍, രസകരവും പൊട്ടിച്ചിരി സൃഷ്ടിക്കുന്നതുമായ നാലഞ്ച്‌ സീനുകള്‍, അര്‍ത്ഥഗര്‍ഭവും പ്രാധാന്യമുള്ളതുമായ മൂന്ന് നാല്‌ ഡയലോഗുകള്‍, കൊള്ളാവുന്ന ഒന്ന് രണ്ട്‌ പാട്ടുകള്‍, ഗൃഹാതുരത്വമുണ്ടാക്കാവുന്ന ഗ്രാമവും സ്കൂളും. ഇതൊക്കെയാണ്‌ ഈ സിനിമയുടെ പോസിറ്റീവ്‌ ആയ ഘടകങ്ങള്‍.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. പൃഥ്യിരാജ്‌ വിനയന്‍ മാഷിനെ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും ഒന്ന് രണ്ട്‌ പാട്ടുകളില്‍ ഡാന്‍സ്‌ കളിച്ച്‌ ആ മാഷ്‌ ഇമേജിനെ ഒന്ന് ഡാമേജ്‌ ആക്കി.

എത്രയൊക്കെ അടുപ്പവും പ്രായവ്യത്യാസവുമുണ്ടെങ്കിലും ഒരു അദ്ധ്യാപകനെ എല്ലാവരും ഒരേപോലെ വിളിക്കുന്ന 'മാഷേ' എന്ന ഒരു വിളീയുണ്ടല്ലോ. അതാണ്‌ ഒരു അദ്ധ്യാപകന്റെ ഏറ്റവും വലിയ നേട്ടം. അതും ഈ സിനിമയില്‍ എടുത്ത്‌ കളഞ്ഞു. 'വിനയചന്ദ്രാ..' എന്ന് വിളിക്കുന്ന പ്യൂണ്‍, പ്രധാന അദ്ധ്യാപകനെ ഭാര്യപോലും 'മാഷേ' എന്ന് വിളിക്കുമ്പോള്‍ 'ചേട്ടാ' എന്ന് വിളിക്കുന്ന നാട്ടുകാര്‍, ഇതൊക്കെ ഒരല്‍പ്പം വ്യത്യസ്തമായിരിക്കുന്നു.

പ്രതീക്ഷിച്ച ക്ലൈമാക്സിന്‌ ഒരു അനാവശ്യ വലിച്ചുനീട്ടല്‍. 'കഥ പറയുമ്പോള്‍' എന്ന സിനിമയുടെ അവസാനരംഗം തന്നെ മറ്റൊരു രൂപത്തില്‍ ഇവിടെയും പകര്‍ത്തിയിരിക്കുന്നു. മാഷെ തേടിയുള്ള എല്ലാവരുടേയും ആ വരവ്‌.. ഹോ.......

കുറച്ച്‌ കൂടി കാമ്പുള്ള കഥയും സന്ദര്‍ഭങ്ങളും കുറേക്കൂടി തീവ്രമായി ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നങ്കില്‍ ഈ സിനിമയുടെ സ്വീകാര്യത വളരെയധികം ഉയരുമായിരുന്നു എന്ന് തോന്നുന്നു.

By സിനിമാ നിരൂപണം

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews