New Site

Tuesday, April 12, 2011

ഉറുമി റിവ്യൂ

അധിനിവേശത്തിന്‍റെയും  ചെറുത്തു നില്‍പ്പിന്‍റെയും  ഒരു കാലം. പറങ്കികള്‍ നാട് കൈയെറിയപ്പോള്‍ വിധി പോലെ അവിടെ ഒരു യോദ്ധാവ് ജനിച്ചു. മാനവും ജീവനും രക്ഷിക്കാന്‍ കൈയിലുള്ള സ്വര്‍ണവും പണ്ടവും നല്‍കിയിട്ടും സ്ത്രീകളും കുട്ടികളും ഉള്ള കപ്പലിന് വെള്ളക്കാര്‍ തീയിട്ടു.കൂടെ നില്‍ക്കാന്‍ വിറക്കാത്ത മനസ്സും, ഉറപ്പുള്ള കാലുകളും ഇല്ലായിരുന്നിട്ടും അയാള്‍ പോരാടി. പക്ഷെ അന്തിമ വിജയം പറങ്കി തലവന്‍ വാസ്കോട  ഗാമയുടെ.അവിടെ ആ യോദ്ധാവ് കൊല്ലപെട്ടു.എന്നാല്‍ പാരമ്പര്യവും പ്രതികാരവും കാത്തു സൂക്ഷിക്കാന്‍ പറങ്കികള്‍ ബാക്കി വെച്ച ഒരു പത്തു വയസുകാരന്‍ പയ്യന്‍ ഉണ്ടായിരുന്നു.പച്ച മാംസം കത്തിയ ഗന്ധത്തിനിടയില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണം ഉരുക്കി അവന്‍ ഒരു ആയുധം പണിതു. 'ഉറുമി'.സ്വര്‍ണ നിറമുള്ള ഒരു ഉറുമി.ശ്വസിക്കുന്ന ഓരോ നിമിഷത്തിലും ഓര്‍മ്മകള്‍ ആ പത്തു വയസുകാരനെ വേട്ടയാടി.കാലം അവനെ വളര്‍ത്തി.ഒരു യോദ്ധവിന്‍റെ രൂപവും ഭാവവും മെയ്‌കരുത്തും അവനില്‍ നിറഞ്ഞു.പറങ്കികളുടെ കാലന്‍ ആവാന്‍ അവന്‍ നെഞ്ചു വിരിച്ചു നിന്നു. അവന്‍ 'കേളു നായര്‍'.
 
സന്തോഷ്‌ശിവന്‍റെ സംവിധാനത്തില്‍ ഷാജി നടേശന്‍, പ്രിഥ്വിരാജ് എന്നിവര്‍ നിര്‍മിച്ച 'ഉറുമി' നാല് ഭാഷകളില്‍ ആണ് പുറത്തിറക്കുന്നത്. ഇരുപത്  കോടി നിര്‍മ്മാണ ചിലവുള്ള ഈ സിനിമയില്‍ ഒരു വന്‍ താരനിര തന്നെ ഉണ്ട്. ജെനിലിയ, വിദ്യാബാലന്‍, തബു, പ്രഭുദേവ  ,ആര്യ,  ജഗതി...കൂടെ എണീയാല്‍ തീരാത്ത അത്ര തന്നെ ജൂനിയര്‍ ആര്ടിസ്റ്റുകളും.. ഉറുമി പറയുന്നത് നാം കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിന്‍റെ കഥയാണ്.നാടും നാട്ടുരാജക്കന്മാരും അടിയാളന്മാരും കുറുക്കന്‍റെ കൌശലം ഉള്ള മന്ത്രിയും അങ്ങനെ, ഫാന്റസിയുടെ ലോകത്ത്, നമ്മുടെ ഭാവനയില്‍ കണ്ടിട്ടുള്ള  അനേകായിരം പേര്‍ ഇരുട്ടിനെ കീറി മുറിക്കുന്ന തിരശീലയില്‍ എത്തുന്നു.
 
'കേരളകഫെ' എന്ന സിനിമയിലെ പത്തില്‍ ഒരു ചെറുകഥയായ 'Island Express'-നെ സംവിധാനം ചെയ്ത ശങ്കര്‍രാമകൃഷ്ണന്‍ ആണ് ഉറുമിയുടെ തിരക്കഥാകൃത്ത്‌. എം.ടി മാത്രം എഴുതി പരിചയമുള്ള വാളും കുന്തവും അതിന്‍റെ ഉന്നവും ഈ ചെറുപ്പക്കാരന്‍ അനായാസേന കൈകാര്യം ചെയ്തിരിക്കുന്നു.ചിത്രത്തിലെ ഓരോ മൂര്‍ച്ചയുള്ള സംഭാക്ഷണവും ശങ്കര്‍രാമകൃഷ്ണന്‍ എന്ന മലയാള സിനിമയുടെ വരുംകാല തിരക്കഥാകൃത്തിനെ അല്ലെങ്കില്‍ സംവിധായകനെ കാണിച്ചു തരുന്നു.
 
വാസ്കോട  ഗാമക്ക്  വേണ്ടി  വല വിരിച്ചിരിക്കുന്ന കേളു നായരുടെ കഥയാണ്‌ 'ഉറുമി'.അയാളുടെ മകന്‍ കേരളത്തിലേക്ക് വരികയും ,അത് വഴി കേളുനായര്‍ അവനെ ബന്ധിയാക്കുകയും ചെയ്യുന്നു.വാസ്കോട ഗാമയുടെ മുദ്രയുള്ള മോതിരം അണിഞ്ഞ വിരല്‍ വെട്ടി എടുത്തു കേളു നായര്‍ വാസ്കോട ഗാമക്ക് അയക്കുന്നു. അത് വഴി അയാളെ കേരളത്തിലേക്ക് വരുത്തുകയാണ് കേളുവിന്‍റെ  ലക്‌ഷ്യം.കേളുവിന്‍റെ ലക്‌ഷ്യം വിജയിക്കുന്നു.മകനെ തിരഞ്ഞു അയാള്‍ എത്തുന്നു.പ്രതികാരത്തിന്‍റെ  ചൂടില്‍ തിളച്ചു മറിയുന്ന മറ്റു ചിലര്‍ കൂടി കേളുവിന്‍റെ ഒപ്പം ഒന്നിക്കുന്നു.
 
ആധുനിക യുഗത്തിലെ  രണ്ടു പേരില്‍ നിന്നുമാണ് കഥ തുടങ്ങുന്നത്. പ്രിഥ്വിരാജ്, പ്രഭുദേവ എന്നിവര്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രങ്ങള്‍ ആടിയും,പാടിയും, കട കെണിയില്‍ പെട്ടും ജീവിക്കുന്നവര്‍ ആണ്. നിനച്ചിരിക്കാതെ ഒരു നേരത്ത് ഇവര്‍ അറിയുന്നു, ഇവരുടെ പൂരവികര്‍ക്ക് അവകാശപെട്ട സ്ഥലത്തെ കുറിച്ച്.അത് വില്‍ക്കുന്ന വഴി വരാന്‍ പോകുന്ന കോടികളെ കുറിച്ചും. ആ സ്ഥലം സന്ദര്‍ശിക്കാന്‍ ഇവര്‍ രണ്ടു പേരും പോകുന്നു.അവിടെ ചെല്ലുമ്പോള്‍ അവര്‍ കേള്‍ക്കുന്നത് മുതുമുത്തച്ചന്മാര്‍ സ്വന്തം നാടിനെ സംരക്ഷിക്കാന്‍ പോരാടിയ ദിനരാത്രങ്ങളെ കുറിച്ചാണ്.രാഷ്ടിയക്കാരും കോടികള്‍ കൈയിലുള്ളവരും സ്വന്തമാക്കാന്‍ ആഗ്രഹിച്ച ആ സ്ഥലം പറഞ്ഞത് ചോരയുടെയും സ്നേഹത്തിന്‍റെയും  സഹനത്തിന്‍റെയും കഥയായിരുന്നു.       
 
ഒരു ചരിത്ര സിനിമ പറഞ്ഞപ്പോള്‍ നല്ലൊരു കഥാഗതിയില്‍  ‍ശ്രദ്ധിക്കാന്‍ സംവിധായകനും, നിര്‍മ്മാതാക്കളും മറന്നു.ദ്രിശ്യ ഭംഗിയില്‍ മറ്റെല്ലാ കുറവുകളെയും നികത്താം എന്നൊരു പാഴ് ചിന്ത ആയിരിക്കണം കാരണം.കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകനും സഞ്ചരിക്കാന്‍ സാധിച്ചില്ല.എന്നിരുന്നാലും മലയാളത്തിനു ഇങ്ങനെ ഒരു ചിത്രം എന്നും  അഭിമാനിക്കാന്‍ വക ഉള്ളത് ആണ്.തെറ്റുകളും കുറ്റങ്ങളും കണ്ടു പിടിക്കുന്നതില്‍ ഉപരിയായി ഇങ്ങനെ ഒരു ചലച്ചിത്ര സംരഭത്തിനു തിരി തെളിച്ച എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയാം.
 
 
വാല്‍ക്കഷണം : കാര്യസ്ഥനും, പോക്കിരിരാജയും, ക്രിസ്ത്യന്‍ സഹോദരങ്ങളും സൂപ്പര്‍ഹിറ്റ്‌ ആകുന്ന ഈ കേരളത്തില്‍, 'ഉറുമി' പോലെ ഉള്ള ചിത്രങ്ങള്‍ ഒരു പക്ഷെ   ചോറിലെ കല്ല്‌ ആയിരിക്കാം !    ‍ 

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews