New Site

Saturday, April 16, 2011

ഇലക്ട്ര

അയ്യായിരം വര്‍ഷം പഴക്കമുള്ള ഗ്രീക്ക് മിത്തോളജിയിലെ 'ഇലക്ട്ര' രാജകുമാരിയുടെ ജീവിതസംഘര്‍ഷങ്ങളുടെ കഥ ശ്യാമപ്രസാദ് വെള്ളിത്തിരയില്‍ എത്തിക്കുന്നു. ഇലക്ട്ര തികച്ചും പുതുമയാര്‍ന്ന കേരളീയ സാഹചര്യത്തിലാണ് പറിച്ചുനടുന്നത്.
രസിക എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിന്ധ്യന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മനീഷാകൊയ്‌രാളയും നയന്‍താരയും പ്രകാശ്‌രാജും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ക്ലാസിക്കുകള്‍ എക്കാലത്തും മനുഷ്യനെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും എന്ന സത്യത്തെയാണ് സംവിധായകന്‍ തുറന്നുകാണിക്കുന്നത്.
മധ്യതിരുവിതാംകൂറിലെ തിരുവല്ല ഭാഗത്ത് 'അമരത്ത്' തറവാടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

പ്ലാന്ററായ എബ്രഹാമിന്റെ തറവാടാണ് അമരത്ത് തറവാട്. എബ്രഹാമിനും ഡയാനയ്ക്കും രണ്ടു മക്കളായിരുന്നു. എഡ്വിനും ഇലക്ട്രയും. എഡ്വിന്‍ അമ്മയുടെ മകനായിരുന്നെങ്കില്‍ ഇലക്ട്ര അപ്പന്റെ മകളായിരുന്നു. ജീവിതത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വിദ്വേഷം, ചതി, പ്രതികാരം, പ്രണയം ഇതെല്ലാം അവരുടെ മനസ്സില്‍ സ്വരൂപിക്കപ്പെട്ടു. അത് ആ കുടുംബ ബന്ധത്തിന്റെ താളം തെറ്റിച്ചു. എബ്രഹാമിന്റെ അപ്രതീക്ഷിതമായ മരണം ആ കുടുംബത്തിന്റെ താളം തെറ്റിച്ചു. അപ്പന്റെ മരണം ഒരു കൊലപാതകമാണെന്ന് ഇലക്ട്ര തിരിച്ചറിഞ്ഞു. ആ മരണത്തിന്റെ ദുരൂഹതകളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്.



ചിത്രത്തില്‍ ഇലക്ട്രയായി നയന്‍താരയും അമ്മ ഡയാനയായി മനീഷാകൊയ്‌രാളയും വേഷമിടുന്നു. ചിത്രത്തില്‍ എബ്രഹാം, ഇസ്ഹാക്ക് എന്നീ കഥാപാത്രങ്ങളെയാണ് പ്രകാശ്‌രാജ് അവതരിപ്പിക്കുന്നത്.സിനിമയുടെ ഗ്ലാമറസ് ഇമേജില്‍ മാത്രം കുടുങ്ങിപ്പോയ താരങ്ങള്‍ക്ക് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഈ ചിത്രം സമ്മാനിക്കുന്നത്.

ശ്യാമപ്രസാദും കിരണ്‍പ്രഭാകറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജുമേനോന്‍, പി. ശ്രീകുമാര്‍, സ്‌കന്ദ, കെപി.എ.സി. ലളിത എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.യൂണിവേഴ്‌സലായ പ്രമേയത്തിന്റെ കരുത്തുമായി ഒരു ഇന്ത്യന്‍ സിനിമ ഒരുക്കാനാണ് ശ്യാമപ്രസാദ് ശ്രമിക്കുന്നത്.



 ''ഇലക്ട്ര അടിസ്ഥാനപരമായി ഒരു കുടുംബചിത്രമാണ്. അച്ഛന്‍, അമ്മ, മകന്‍, മകള്‍ എന്ന ചതുഷ്‌കോണത്തിനിടയിലെ വിള്ളലിന്റെയും വിസ്‌ഫോടനത്തിന്റെയും കഥ. അതിനകത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകാം. അത് ഒരു അച്ഛന്റെയും മകന്റെയും മകളുടെയും കാഴ്ചയില്‍ കാണാന്‍ ശ്രമിക്കുകയാണ്. അച്ഛനോട് കടുത്ത ഭക്തിയും കടപ്പാടും വിധേയത്വവും സ്‌നേഹത്തിന്റെ തീവ്രതയും കാത്തുസൂക്ഷിക്കുമ്പോഴും അച്ഛന്‍ വഞ്ചിക്കപ്പെടുകയാണ് എന്നറിയുമ്പോള്‍ ഉണ്ടാകുന്ന റിയാക്ഷന്‍. പ്രത്യേക സാഹചര്യത്തില്‍ അവിടെ ഒരു ക്രൈം നടന്നു. അതിന്റെ അന്വേഷണം. തുടര്‍ന്നുള്ള പ്രതികാരം എല്ലാം ഇവിടെ ചേര്‍ന്നു പോകുന്നു. ഒരര്‍ഥത്തില്‍ ഒരു ഫാമിലി സ്റ്റോറി, മറ്റൊരര്‍ഥത്തില്‍ ഒരു ക്രൈം ഡിറ്റക്ഷന്‍ സ്റ്റോറി.'' ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ശ്യാമപ്രസാദ് പറയുന്നു.

ബോളിവുഡ് നായിക മനീഷാകൊയ്‌രാള ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് ഇലക്ട്ര.
''മലയാളത്തില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരം ഞാന്‍ നന്നായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥയും ശക്തമായ ഡയാന എന്ന കഥാപാത്രവുമാണ് എന്നെ ഈ ചിത്രത്തിലേക്ക് അടുപ്പിച്ചത്. എല്ലാതരത്തിലും ഈ ചിത്രത്തിലെ അഭിനയം എന്റെ കരിയറിലെ വ്യത്യസ്തമായ അഭിനയാനുഭവമാണ്. പ്രേക്ഷകര്‍ക്കും ഈ ചിത്രം പുതുമ സമ്മാനിക്കുമെന്നാണ് എന്റെ പ്രതീക്ഷ.'' മനീഷാകൊയ്‌രാള പറയുന്നു.

നിരവധി പരസ്യചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച സനുജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് - വിനോദ് സുകുമാര്‍, കല - ബോബന്‍, ചമയം - റോഷന്‍, വസ്ത്രാലങ്കാരം - സഖിതോമസ്, അസോ. ഡയറക്ടര്‍ - ബോബി മാത്യു, സഹസംവിധാനം - അനൂപ് , രമ്യ, അരവിന്ദ്, ഗൗതംശങ്കര്‍, എക്‌സി. പ്രൊഡ്യൂസര്‍ ദിനന്‍.
 

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews