New Site

Wednesday, April 13, 2011

മലയാള സിനിമ പൊളിയുന്നു

കേരളത്തിലെ ഒട്ടുമിക്ക വ്യവസായങ്ങളും ഇന്നു പ്രതിസന്ധിയിലാണ്. ചിലതൊക്കെ നിശ്ചലമായിരിക്കുന്നു. പല വ്യവസായങ്ങളും കേരളത്തില്‍ നിന്നു കുത്തുപാളയെടുത്തു പാണ്ടിയിലേക്കും മറ്റുമായി പോയിട്ടുണ്ട്. അതിനൊക്കെ പഴി കേട്ടത് ഇവിടുത്തെ ട്രേഡ് യൂണിയന്‍കാരും, കുട്ടിനേതാക്കന്‍മാരും ബ്യൂറോക്രസിയുടെ തകരാറുകളുമായിരുന്നു. എന്നാല്‍ പൊളിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന മലയാള സിനിമാ വ്യവസായത്തിന്റെ അനിവാര്യമായ പരാജയത്തിന് ആരാണ് പഴി കേള്‍ക്കേണ്ടത്. ഒരു വ്യവസായമെന്ന നിലയില്‍ മലയാള സിനിമ നല്ല നഷ്ടത്തിലോടാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഏതെങ്കിലും ഒരു വ്യവസ്ഥാപിത വ്യവസായമായിരുന്നെങ്കില്‍ ഈ നഷ്ടക്കണക്കു വച്ച് മലയാളം സിനിമാക്കമ്പനി പണ്ടേ അടച്ചുപൂട്ടി തീയിട്ടേനെ. എന്നിട്ടും മലയാള സിനിമ നില്‍ക്കുന്നതിന്റെ കാരണം, ഇവിടുത്തെ താരങ്ങളോ, സംവിധായകരോ, എഴുത്തുകാരോ അല്ല. എന്നെങ്കിലും ഇതു നന്നാവും എന്ന ഇവിടുത്തെ പ്രേക്ഷകന്റെ പ്രതീക്ഷയാണ്.

അടുത്തകാലത്തായി ചില സിനിമകള്‍ പൊട്ടുന്ന പൊട്ടല്‍ കണ്ടാല്‍ പ്രൊഡ്യൂസര്‍ പോയിട്ട് സിനിമയെ സ്നേഹിക്കുന്ന ഒരാളും സഹിക്കില്ല. പട്ടണത്തില്‍ ഭൂതം, ഭ്രമരം എന്നീ സൂപ്പര്‍ താര പടങ്ങളുടെയും സ്ഥിതി ആശാവഹമല്ല. ഭ്രമരം പ്രതീ”ക്ഷ പകരുന്ന അഭിപ്രായം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഭൂതം മിമിക്രിയെന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടു. സൂപ്പര്‍താരങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ മലയാള സിനിമയ്ക്ക് ഒരു ഭാരമാണ്. അഞ്ചുകോടി-ആറു കോടി മുതല്‍ മുടക്കില്‍ സൂപ്പറിനെ വച്ചൊരു പടമെടുത്താല്‍ ആ കാശ് തിയറ്ററില്‍ നിന്നു കളക്ട് ചെയ്യാന്‍ ഇവിടെ അതിനുംമാത്രം തിയറ്ററുകളില്ല. മലയാളം ഇന്‍ഡസ്ട്രിയുടെ കിടപ്പുവച്ച് മമ്മൂട്ടി-മോഹന്‍ലാല്‍ ടീംസിന് പരമാവധി 30 ലക്ഷം രൂപ പ്രതിഫലം കൊടുക്കാമെന്ന് ഒരു നിര്‍മാണ കമ്പനി പറഞ്ഞിരുന്നു. അതു പറഞ്ഞവനെ നമ്മള്‍ തുരത്തി. മലയാളസിനിമയിലെ ആഗോളവല്‍ക്കരണത്തില്‍ നിന്നു ലക്ഷിക്കാന്‍ വേണ്ടി നിര്‍മാതാക്കള്‍ ചരടുവലിച്ചു. എന്നിട്ടെന്തായി ? ആഗോളവല്‍ക്കരണം അയലത്തെ സ്റ്റേറ്റില്‍ പോയി പടങ്ങളെടുത്തു വിജയിപ്പിച്ചു.
മലയാള സിനിമയെ സംബന്ധിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. വ്യക്തമായി പറഞ്ഞാല്‍, ഹോളിവുഡ് നിലവാരത്തിലുള്ള സിനിമ കൊടുത്താലും പ്രദര്‍ശിപ്പിക്കാവുന്ന നിലയിലേക്ക് തിയറ്ററുകള്‍ വളര്‍ന്നെങ്കിലും സിനിമ പഴയ നിലയില്‍ തന്നെ. ദശകങ്ങള്‍ക്കു മുമ്പ് ത്രി ഡി ഫോര്‍മാറ്റില്‍ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമ ഇറങ്ങിയ മലയാളത്തിലാണ് മമ്മൂട്ടിയുടെ ഭൂതത്തെ ഇറക്കി വിസ്മയിപ്പിക്കാന്‍ ജോണി ആന്റണിയുടെ ശ്രമം. അതും ആനിമേറ്റഡ് സിനിമകളും വിഡിയോ-ഓണ്‍ലൈന്‍ ഗെയിമുകളും ഇത്രയേറെ വികസിച്ച ഇക്കാലത്ത്. താഴ്വാരം എന്ന സിനിമയുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും ഭ്രമരത്തിലൂടെ സംവിധായകന്‍ കരുത്തുതെളിയിക്കുന്നുണ്ട്. പക്ഷെ, ദുര്‍ബലമായ കഥാതന്തുവും തിരക്കഥയും പ്രേക്ഷകരെ ആവേശം കൊള്ളിക്കില്ല.
പുതിയ പ്രതിഭകള്‍ വരാത്തതാണു മലയാള സിനിമയുടെ പ്രതിസന്ധി എന്നു പഴയ പ്രതിഭകള്‍ ആവര്‍ത്തിച്ചു പറയാറുണ്ട്. വിദ്യാഭ്യാസം ഉള്ള ആളുകള്‍ രാഷ്ട്രീയത്തിലേക്കെന്നപോലെ സിനിമയിലേക്കും കടന്നുവരുന്നില്ല. പാസഞ്ചറിന്റെ സൃഷ്ടാവായ രഞ്ജിത് ശങ്കര്‍ ഇതിനൊരപവാദമാണ്. പക്ഷെ, പാസഞ്ചറിന്റെ ബീജവുമായി അഞ്ചു വര്‍ഷത്തോളം അദ്ദേഹത്തിനിവിടെ അലയേണ്ടി വന്നു എന്നു പറയുമ്പോള്‍ പുതിയ പ്രതിഭകള്‍ കടന്നുവരാതിരിക്കാന്‍ മറ്റെന്തൊക്കെയോ കാരണങ്ങളുണ്ടെന്നു നമുക്കും തോന്നും. ഒന്നോ രണ്ടോ സിനിമകളില്‍ പ്രവര്‍ത്തിച്ച അനുഭവം മാത്രം വച്ച് പുതിയ ആളുകള്‍ എങ്ങനെയും ഒരു പ്രൊഡ്യൂസറെ വലയില്‍ വീഴ്ത്തി സിനിമ ചെയ്യാന്‍ നോക്കുന്നതാണ് മലയാള സിനിമയുടെ ഗതികേടെന്ന് ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. അങ്ങിനെയാണെങ്കില്‍ മലയാള സിനിമയുടെ ഏറ്റവും വലിയ ഗതികേടുകളിലൊന്ന് വിനീത് ശ്രീനിവാസനാണ്. ഒരു സിനിമയില്‍ പോലും പ്രവര്‍ത്തിച്ച പരിചയമില്ലാതെ നേരേ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങി കംപ്ളീറ്റ് കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്തുകൊണ്ട് മലര്‍വാടി ആര്‍ട്സ് ക്ളബ് എന്ന പേരില്‍ ഒരു സിനിമ ചെയ്യുകയാണ് വിനീത്. അതില്‍ മകന്റെ അച്ഛന്‍ അതിഥിതാരമായെത്തും. മകന്റെ സിനിമയില്‍ വേറെ ഏതൊക്കെ താരങ്ങളെ അതിഥികളായെത്തിക്കാമെന്ന ആലോചനയിലാണത്രേ ശ്രീനിവാസന്‍.
അന്യഭാഷകളില്‍ ശ്രദ്ധേയമായ മാറ്റം ഉണ്ടാക്കിക്കൊണ്ട് ഒരു പുതിയ തലമുറ കടന്നുവന്നപ്പോള്‍ മലയാളത്തില്‍ അതു സംഭവിച്ചില്ല. ഇന്ത്യന്‍ സിനിമയെക്കാള്‍ 10 വര്‍ഷം പിന്നിലാണ് ഇന്നത്തെ മലയാള സിനിമ എന്നു പറയാം. സംഗതി കൈവിട്ടു തോന്നുന്നു എന്നു തോന്നിയപ്പോള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇവിടെ ഒരു കഥ കേള്‍ക്കല്‍ പ്രഹസനം സംഘടിപ്പിച്ചിരുന്നു. ചലച്ചിത്രമോഹികളായ ആയിരക്കണക്കിനാളുകള്‍ കഥകളും വാരിക്കെട്ടി പോയി കഥ പറഞ്ഞു. എന്നിട്ട് എന്തു സംഭവിച്ചു ? അസോസിയേഷന്റെ ആദ്യചിത്രത്തിന് എംടി വാസുദേവന്‍നായര്‍ കഥയെഴുതുന്നു. ഇതു തന്നെയാണ് മലയാള സിനിമയുടെ ഏറ്റവും വലിയ തകരാറ്. വിശുദ്ധവല്‍ക്കരിക്കപ്പെട്ട ചിലരില്‍ നിന്നും സിനിമയ്ക്കു മോചനം നേടാന്‍ കഴിയുന്നില്ല. ശ്രീനിവാസന്‍ അഭിനയിക്കുന്ന സിനിമയാണെങ്കില്‍ അതിന്റെ സ്ക്രിപ്റ്റ് അദ്ദേഹത്തെക്കൊണ്ട് വെട്ടിത്തിരുത്തി ശ്രീനി ടച്ച് വരുത്തിയെങ്കിലേ പ്രൊഡ്യൂസര്‍ക്കും സംവിധായകനും സമാധാനമുള്ളൂ. ശ്രീനിയുടെ ഒരു പുണ്യം വച്ച് അദ്ദേഹം കൈവച്ചു വരുന്ന തിരക്കഥകളുടെയൊക്കെ സൃഷ്ടാക്കള്‍ വെടിതീരുകയാണ്.
അറബിക്കഥ മുതല്‍ നോക്കാം. അതിലെ ശ്രീനി ടച്ച് വളരെ വ്യക്തമാണ്. ഇക്ബാല്‍ കുറ്റിപ്പുറം എന്ന എഴുത്തുകാരന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. സ്വന്തം അളിയന് അവസരം നല്‍കിക്കൊണ്ട് ശ്രീനി എഴുതിയ കഥ പറയുമ്പോള്‍ എന്ന സിനിമ ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്തിട്ടും മലയാളത്തില്‍ ആ പടം സംവിധാനം ചെയ്ത മോഹന് പിന്നൊരു സിനിമ കിട്ടിയില്ല. മകന്റെ അച്ഛന്‍ എന്ന സിനിമ ഏതാണ്ട് പൂര്‍ണമായും തിരുത്തിയത് ശ്രീനിവാനാണെന്ന് പറയുമ്പോള്‍ കന്നിച്ചിത്രത്തിനു കഥയെഴുതിയ സംജദ് നാരായണന്റെ കഥയും മാറ്റമില്ലാതെ തുടരുന്നു. ഒടുവില്‍ പാസഞ്ചറില്‍ മാത്രമേ ഒരു ശ്രീനി ടച്ച് ഇല്ലാതുള്ളൂ. അതില്‍ ശ്രീനിവാസന്‍ എന്ന പ്രതിഭയെ അല്ല നടനെയാണ് ഉപയോഗിച്ചിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിനു ശേഷം ഒരു പക്ഷെ ആദ്യമായി.
ഇതു തന്നെയാണ് എല്ലാവരുടെയും സ്ഥിതി. നിലവിലുള്ള ചില ഫോര്‍മുലകള്‍ക്കു പുറത്തൊരു പരീക്ഷണത്തിന് ആര്‍ക്കും ധൈര്യമില്ല. പരിക്ഷണചിത്രങ്ങള്‍ ഇവിടെ ഓടുമെന്ന് ഉറപ്പുമില്ല. വ്യത്യസ്തമായ ഒരു കഥ കിട്ടിയാല്‍ അതു തിരുത്തി തികച്ചും സാധാരണമായ ഒന്നാക്കി മാറ്റുന്നതിനെയാണ് മലയാളത്തില്‍ ത്രെഡ് ഡിസ്കഷന്‍ എന്നു പറയുന്നത്. എന്തൊക്കെ കുറ്റം പറഞ്ഞാലും മലയാളത്തില്‍ പ്രഫഷനല്‍ സിനിമയുടെ വഴിയില്‍ ഗീര്‍വാണങ്ങളില്ലാതെ ഹിറ്റുകള്‍ സൃഷ്ടിച്ച ഒരേയൊരു സംവിധായകന്‍ പ്രിയദര്‍ശനാണ്. സിനിമയെ സിനിമയായി കണ്ടു എന്നതാണ് അദ്ദേഹത്തിന്റെ മേന്മ. കെ.ജി.ജോര്‍ജ്, സത്യന്‍ അന്തിക്കാട്, ജോഷി, സിദ്ധിഖ്-ലാല്‍ ജനകീയ സിനിമയിലെ ഹിറ്റ്മേക്കേഴ്സെല്ലാം കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നതും പുതിയ തലമുറയില്‍ ആ പരുവത്തിലുള്ള മുതലുകള്‍ കടന്നുവരാത്തതും ഇന്നത്തെ പ്രതിസന്ധിക്ക് കാരണമാവാം. ടി.ദാമോദരന്‍, എസ്.എന്‍.സ്വാമി, ജെന്നീസ് ജോസഫ്, കലൂര്‍ ഡെന്നീസ് തുടങ്ങി ശ്രീനിവാസന്‍ വരെ കഴിഞ്ഞാല്‍ പിന്നെ എഴുത്തുകാരുടെ നിരയില്‍ പ്രതീക്ഷ പകരുന്ന പേരുകള്‍ അധികമില്ല.
മമ്മൂട്ടി- മോഹന്‍ലാല്‍ സിനിമകള്‍ നിര്‍മിക്കുമ്പോള്‍ നിര്‍മാതാവിനെ സംബന്ധിച്ച് ഒരുറപ്പ് ഇനിഷ്യല്‍ കലക്ഷനാണ്. ആദ്യത്തെ ഒരാഴ്ച പടം എന്തായാലും ഹൌസ്ഫുള്‍ ആയിരിക്കും എന്ന മിനിമം ഗ്യാരന്റി. 100 തിയറ്ററില്‍ പടം റിലീസ് ചെയ്താല്‍ ഈ ഇനിഷ്യല്‍ കൊണ്ട് കൈപൊള്ളാതെ പിടിച്ചു നില്‍ക്കാം. പരുന്ത്-മായാബസാര്‍ കാലത്തിനു ശേഷം ഫാന്‍സുകാര്‍ പോലും മമ്മൂട്ടിയെ കൈവിട്ടു. സാഗര്‍ അലിയാസ് ജാക്കിയോടെ മോഹന്‍ലാലിനെയും. ആരാധകര്‍ക്കു പോലും സഹിക്കാനാവാത്ത വിധം താരങ്ങള്‍ ഭീകരമായ പ്രകടനം നടത്തുമ്പോള്‍ ടു ഹരിഹര്‍ നഗര്‍ എന്ന ഏതാണ്ട് കൂതറ പടം ഇവിടെ തിയറ്ററുകള്‍ തൂത്തുവാരി. അതില്‍ ഒന്നുമില്ല. പ്രൊഫഷനല്‍ ഫിലിം മേക്കിങ്ങിന്റെ അച്ചില്‍ വാര്‍ത്തെടുത്ത ഒരു ചിത്രം. ഒരു പുതുമയുമില്ല, ഒരു പരീക്ഷണവുമില്ല, എന്നിട്ടും ഈ വര്‍ഷത്തെ ഒരേയൊരു സൂപ്പര്‍ഹിറ്റ്. ഭാഗ്യദേവത, പാസഞ്ചര്‍, മകന്റെ അച്ഛന്‍, ഇവര്‍ വിവാഹിതരായാല്‍ തുടങ്ങിയ ഒരുവിധം ഹിറ്റുകളില്‍ സൂപ്പര്‍ പോയിട്ട് മലയാളം ഇന്‍ഡസ്ട്രി താരമെന്നു പരിഗണിക്കാത്ത അഭിനേതാക്കള്‍ ആണുള്ളത്.
കുഴിയില്‍ നിന്നു പടുകുഴിയിലേക്കു നീങ്ങുന്ന മലയാള സിനിമയെ രക്ഷിക്കാന്‍ ഇവിടെ ആര്‍ക്കും അദ്ഭുതങ്ങള്‍ ചെയ്യാനാവില്ല. പത്തോ നൂറോ പ്രിന്റുകള്‍ മാത്രം ഇറങ്ങുന്ന, മൂന്നു കോടിക്കു മുകളില്‍ പ്രൊഡക്ഷന്‍ കോസ്റ്റ് വന്നാല്‍ നഷ്ടസാധ്യത വര്‍ധിക്കുന്ന ഒരു ചെറിയ വ്യവസായമാണ് മലയാള സിനിമ എന്നു സ്വയം തിരിച്ചറിഞ്ഞ് ലോകോത്തര സിനിമ പിടിക്കുന്ന പരിപാടി ഇവിടുത്തെ സിനിമക്കാര്‍ എന്നവസാനിപ്പിക്കുവോ അന്നു രക്ഷപെടും മലയാള സിനിമ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews