New Site

Saturday, April 16, 2011

ഈസ്റ്റ് കോസ്റ്റ് വിജയന്‍ വിത്ത്‌ മൊഹബത്ത്‌

'നോവല്‍' എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'മൊഹബത്തി'ന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മുസ്ലിം പശ്ചാത്തലത്തിലൂടെ ഒരു മാജിക്ക് മ്യൂസിക്കല്‍ ലൗ സ്റ്റോറിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈസ്റ്റ് കോസ്റ്റിന്റെ ചിത്രമെന്നാല്‍ അത് സംഗീത പ്രാധാന്യമേറിയതായിരിക്കും. ഇത് അടിവരയിട്ടു സമ്മതിക്കുന്ന ചിത്രം കൂടിയാണിത്.

മീരാ ജാസ്മിന്‍ നായികയാകുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ആകര്‍ഷകമാകുന്നു. വായനക്കാരെ ഏറെ ആകര്‍ഷിച്ച സിദ്ധീഖ് ഷമീറിന്റെ കളിപ്പാവകള്‍ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കരണം കൂടിയാണീ ചിത്രം. കളിപ്പാവകളിലെ സജിന എന്ന കഥാപാത്രം പ്രേക്ഷകരെ ഏറെ വശീകരിച്ചതാണ്. ഈ കഥാപാത്രം മീരാ ജാസ്മിന്‍ വെള്ളിത്തിരയില്‍ എത്തിക്കുന്നു.
''അഭിനയസാധ്യത ഏറെയുള്ളതാണ് സജിന എന്ന കഥാപാത്രം. ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചതും ഈ കഥാപാത്രത്തിന്റെ പ്രാധാന്യമാണ്'', മീര പറഞ്ഞു.

യാഥാസ്ഥിതിക മുസ്ലിം പശ്ചാത്തലത്തിലൂടെ മുസ്ലിം ആചാരരീതികളുടെയും നിയമങ്ങളുടെയും ഒക്കെ സാന്നിധ്യത്തിലൂടെ ഉരുത്തിരിയുന്നതാണ് ഈ ചിത്രം. പുരാതനവും സമ്പന്നവും പ്രതാപവും നിറഞ്ഞ, ചന്ദനത്തോപ്പില്‍ തറവാട്ടിലെ അബ്ദുള്‍ ഖാദര്‍ ഹാജിക്ക് നാലു മക്കള്‍. ഇന്നും പഴയ കൂട്ടുകുടുംബത്തിലെ ആചാരരീതികള്‍ ഇവിടെ നിലനിന്നുപോരുന്നു. ഫിറോസ്, ഷെരീഫ, ആരിഫ, നിസ്സാര്‍ എന്നിവര്‍. ഇതില്‍ ഫിറോസിന്റെ മകള്‍ സജിനയും ആരിഫയുടെ മകന്‍ അന്‍വറും തമ്മിലുള്ള വിവാഹം നടത്തുവാന്‍ ഹാജിയാര്‍ ഏറെ ആഗ്രഹിച്ചു. തന്റെ ചെറുമക്കള്‍ ഒന്നിച്ചു ജീവിക്കട്ടെ എന്നാണദ്ദേഹത്തിന്റെ ആഗ്രഹം. 

ഒന്നിച്ച് വളര്‍ന്നവര്‍ ഒന്നായി ജിവിക്കുവാന്‍ സജിനയ്ക്കും അന്‍വറിനും ആഗ്രഹമായിരുന്നു. അങ്ങനെയാണ് ഇവരുടെ വിവാഹം നിശ്ചയിക്കപ്പെട്ടത്. നിശ്ചയത്തിനു ശേഷം ഇരുവരും കോളേജിലേക്ക് തന്നെ മടങ്ങി. കാമ്പസില്‍ പുതിയ സംഭവങ്ങളായിരുന്നു സജിനയെത്തേടി എത്തിയത്. അതാകട്ടെ പുതിയ ചില ബന്ധങ്ങള്‍ക്ക് കാരണമാകുന്നു. അമീര്‍ എന്ന യുവാവും സജിനയുടെ മനസ്സു കീഴടക്കുകയായിരുന്നു.
വിവാഹം നിശ്ചയിക്കപ്പെട്ട യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ പെണ്‍കുട്ടിക്ക് പുതിയ ബന്ധം...! തുടര്‍ന്നുള്ള സ്ഥിതിവിശേഷങ്ങളിലൂടെ ഉദ്വേഗജനകമായ ചലച്ചിത്രാവിഷ്‌കരണമാണീ ചിത്രം.

ഇവിടെ അമീറിനെ മുന്നയും അന്‍വറിനെ ആനന്ദ് മൈക്കിളും അവതരിപ്പിക്കുന്നു. വീരുമാണ്ടി എന്ന തമിഴ് ചിത്രത്തിലെ നായകനാണ് ആനന്ദ് മൈക്കിള്‍. നെടുമുടിവേണു, ജഗതി, അശോകന്‍, സുരേഷ്‌കൃഷ്ണ, പി. ശ്രീകുമാര്‍, പ്രേംകുമാര്‍, ജാഫര്‍ ഇടുക്കി, ഊര്‍മിള ഉണ്ണി, ശാരി, ലക്ഷ്മിപ്രിയ എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്. രചന-സിദിഖ്ഷമീര്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ, എസ്. സാംകൃഷ്ണന്‍ ടീമിന്റെ അഞ്ചു ഗാനങ്ങളും സന്തോഷ്‌വര്‍മ, കെ.എ. ലത്തീഫ് ടീമിന്റെ ഗാനങ്ങളും ഈ ചിത്രത്തെ ആകര്‍ഷകമാക്കുന്നു.

ജിബു ജേക്കബാണ് ഛായാഗ്രാഹകന്‍. ഈസ്റ്റ്‌കോസ്റ്റ് റീല്‍ ആന്‍ഡ് റിയല്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews