New Site

Wednesday, April 27, 2011

പറയാന്‍ മനസ്സില്ല...

കോയമ്പത്തൂര്‍ ബൈപ്പാസിലൂടെ പാലക്കാട്ടേക്ക് നൂറ്റിപ്പത്ത് കിലോമീറ്റര്‍ വേഗതയില്‍ വരുന്ന കാര്‍. അതിനെ പിന്തുടര്‍ന്ന് വരുന്ന മാദ്ധ്യമ സംഘങ്ങളുടെ 200ല്‍ പരം വാഹനങ്ങള്‍. പരിപാടി തത്സമയം റിലേ ചെയ്യുവാന്‍ ക്യൂ നില്‍ക്കുന്ന സി എന്‍ എന്‍ ഐ.ബി.എന്‍ പോലുള്ള ടോപ്പ് മാദ്ധ്യമങ്ങള്‍ വേറെ. വാര്‍ത്തയറിഞ്ഞ് അടുത്ത വിമാനം ചാര്‍ട്ട് ചെയ്ത് കേരളത്തിലേക്ക് വരുന്ന പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും. ഇതിലൊന്നും പെടാതെ ഇങ്ങകലെ ചെറുപ്പുളശ്ശേരിയില്‍ ആത്മഹത്യ ചെയ്യുവാന്‍ പ്ലാവിന്റെ മുകളില്‍ കയറുമായി വലിഞ്ഞ് കയറുന്ന തോട്ടത്തില്‍ കുമാരന്റെ മകള്‍ ഉഷ....

''ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് കുട്ടികളെ രായുമോന്റെ കല്ല്യാണം നേരത്തെ അറീക്കാഞ്ഞത്'' എന്ന് മല്ലികചേച്ചി പറയും. ആഴ്ചകള്‍ക്ക് മുമ്പ് ഒന്നാം നമ്പര്‍ മലയാള വനിതാ പ്രസിദ്ധീകരണത്തില്‍ രായുമോന്റെ ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. അന്ന് രായുമോന്‍ തനിക്ക് മദ്ധ്യമ പ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ എല്ലാ മാദ്ധ്യമങ്ങളെയും കേറി മേയുന്നതും കണ്ടു. ''അങ്ങനെയൊരു കുട്ടിയുണ്ടെങ്കില്‍ ആ കുട്ടിയോട് ഞാന്‍ മാപ്പു ചോദിക്കുന്നു. ഇങ്ങനെയൊന്നും ആരും പറയരുത്. മാദ്ധ്യമധര്‍മ്മം എന്ന ഒരു സാധനം അറിയാത്തവര്‍ ഉണ്ടാക്കിയ വാര്‍ത്തയാണിത്... എ പെറ്റി സ്‌ക്വാഷിക് മാറ്റസ് സക്ക് ബുക്ക് സെപ്പാസ് വാഷ്ട്ടദസ് ബിറ്റവീന്‍ മൂക്ക് നാക്ക് പാഷസ്‌നസ്.....''

എന്തിനായിരുന്നു രായുമോനെ ഇത്. കല്ല്യാണമായി എന്ന് അറിഞ്ഞാല്‍ ആരെങ്കിലും പോയി പെണ്‍കുട്ടിയോട് ''ഡി കൊച്ചേ.. നിനക്ക് അവനയല്ലാതെ വേറെയാരെയും കിട്ടിയില്ലേ? അവനെ നീ കെട്ടിയാല്‍ നിന്റെ കാര്യം കട്ടപ്പൊകയാണ് കേട്ടാ...'' എന്ന് പറയുമായിരുന്നോ? അതോ ആദ്യഭാര്യയും പിള്ളേരും കല്ല്യാണപന്തലില്‍ വന്ന് പ്രശ്‌നമുണ്ടാക്കും എന്ന് കരുതിയാണോ? ജനിച്ചപ്പോഴെ കൊണ്ടുവന്ന പേരും പ്രശസ്തിയുമൊന്നുമല്ലല്ലോ ഇപ്പോഴുള്ളത്? പകല്‍ മുഴുവന്‍ പണിയെടുത്ത് കിട്ടുന്ന കൂലിയുടെ ഒരു വിഹിതം കൊണ്ട് വന്ന് അന്‍വറിനും താന്തോന്നിക്കുമൊക്കെ വീതിച്ചുകൊടുത്ത പാവങ്ങളല്ലേ രായുമോനെ നിന്നെയൊരു ബി.എം.ഡബ്ല്യൂവിന്റെയൊക്കെ ഉടമയാക്കി മാറ്റിയത്. വേറെ ആരെ മറന്നാലും അവരെ മറക്കല്ല് കുട്ടാ... ദൈവം പൊറുക്കൂല.

മാദ്ധ്യമങ്ങള്‍ പിന്നാലെ നടന്ന് കല്ല്യാണം എപ്പോള്‍... കല്ല്യാണം എപ്പോള്‍ എന്ന് ചോദിക്കുന്നത് പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ടാണെന്ന് ധരിച്ചതെങ്കില്‍ തെറ്റി. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഉള്ള എല്ലാ മാദ്ധ്യമങ്ങളുടെ അളവ് എടുത്താല്‍ പത്തുപേര്‍ക്ക് ഒന്ന് വച്ച് കാണും. എന്നും എന്തെങ്കിലും എടുത്ത് പ്രൈം ടൈം ന്യൂസെന്നും പറഞ്ഞുകൊണ്ട് അലക്കണ്ടേ? അതിനുവേണ്ടി അവര്‍ പാടുപെടുന്നു. അല്ലാതെ രായുമോന്‍ കല്ല്യാണം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞാല്‍ ആണുങ്ങള്‍ക്ക് രോമാഞ്ചവും പെണ്ണുങ്ങള്‍ക്ക് തളര്‍ച്ചയുമൊന്നും വരില്ല.

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രണ്ടു പിള്ളേരുടേയും കല്ല്യാണം എല്ലാവരെയും അറിയിച്ചു. പിള്ളേരുടെ കല്ല്യാണമാണെന്ന് പറഞ്ഞാലും റോള് മുഴുവന്‍ രജനിക്കാണല്ലോ. എല്ലാ മാദ്ധ്യമങ്ങളും വന്നു. നേരാംവണ്ണം കല്ല്യാണം നടന്നു. കല്ല്യാണം എല്ലാപേരും കാണുകയും ചെയ്തു. ഒരു അലമ്പും ആരും കാണിച്ചില്ല... കണ്ടതുമില്ല. അതുപോലെതന്നെ മിക്കവാറുമുള്ള എല്ലാ തമിഴ്‌നടന്‍മാരുടേയും കാര്യം. മലയാളത്തിലും അങ്ങനെയൊക്കെതന്നെ. ഒന്നുമില്ലെങ്കിലും സ്വന്തം ചേട്ടന്റെ കാര്യമെങ്കിലും നോക്കാമായിരുന്നു.

അതിനിപ്പോള്‍ എന്താ? ഈ തമിഴ്‌നടന്‍ രജനി എവിടകിടക്കുന്നു? അന്താരാഷ്ട്ര നടന്‍ രായുമോന്‍ എവിടെ കിടക്കുന്നു? കല്ല്യാണമാണെന്ന് അറിഞ്ഞ് ജനീവയില്‍ നിന്നും പോര്‍ട്ടുഗീസില്‍ നിന്നും പഴയ ഓസ്‌ട്രേലിയയില്‍ നിന്നുമൊക്കെ പെണ്‍കൊടികള്‍ ''Oh... Raju...  don't go... Oh...  Raju... don't go... '' എന്ന് പറഞ്ഞ് പറന്നിറങ്ങിയാലോ?

പത്രക്കാര്‍ മെയ് 1 ന് നടക്കുന്ന വിവാഹ സല്‍ക്കാരത്തിന്റെ പടം പിടിക്കാന്‍ പോകുമോ? പോകുമായിരിക്കും. അഭിമാനവും നോക്കിക്കൊണ്ടിരുന്നാല്‍ വീട്ടില്‍ അരി വാങ്ങിക്കണ്ടേ?


കുറിപ്പ്: രായുമോന്റെ പുതിയ കണ്ടു പിടുത്തം- എന്റെയും മമ്മൂട്ടിയുടേയും അഭിനയം ഒരുപോലെയാണ്. അതായത് അഭിനയിക്കാന്‍ തുടങ്ങിയാല്‍ ആ കഥാപാത്രമായി അങ്ങ് മാറും. മാറി മാറി മാറി മാറി വരുമ്പോഴാണ്.... പെട്ടന്ന് ഞട്ടി ഉണരുന്നത്. നോക്കുമ്പോള്‍ ചുറ്റാകെ ഇരുട്ട് മാത്രം. പിന്നെ കുറേസമയത്തേക്ക് ഉറങ്ങാന്‍ കഴിയില്ല. ഹൊറിബിള്‍.....

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews