New Site

Tuesday, April 12, 2011

ഓഗസ്റ്റ്‌ പതിനഞ്ചും കുറെ സത്യങ്ങളും !

ഒരു ബുള്ളറ്റും ഒരു കണ്ണാടിയും മാസത്തിലെ ഒരു തീയതിയും ഉണ്ടേല്‍ പടമെടുക്കാവോ ? ഇതല്ല, ഇതിനപ്പുറത്തെ അതിക്രമം കാണിച്ചിട്ടുള്ളവരാണ് നമ്മുടെ ഈ കഥയിലെ താരങ്ങള്‍. കൈലാസം ഷാജിയും, അടുത്ത കുറെ വര്‍ഷങ്ങളായി പേന കൊണ്ട് പ്രേക്ഷകരെ  ദ്രോഹിക്കുന്ന സ്വാമിജിയും കുറെ നാളുകള്‍ക്കു ശേഷം ഒന്നിച്ച ഒരു ഓഗസ്റ്റ്‌ 15. ഈ സമയം എം.മണി കാശുള്ള പെട്ടിയുമായി അവരുടെ ഇടയിലേക്ക് എത്തി. ബാക്കിയുള്ള രണ്ടു പേരുടെ ഉദ്ദേശം മുഖ്യമന്ത്രിയെ കൊലപെടുത്തുക എന്നതാണ്. മണി കാശു നിറച്ച പെട്ടി അവരുടെ മുന്നിലേക്ക്‌ വെച്ചു. പിന്നെ സ്വാമിജിക്ക് വേറൊന്നും ആലോചിക്കാനേ ഉണ്ടായിരുന്നില്ല. സുര്യന്‍ അസ്തമിക്കുന്നതിനു മുന്‍പേ പ്ലാനുകള്‍ എഴുതി കൂട്ടി. പക്ഷെ അവിടെ ഒരു രക്ഷകന്‍ അവതരിച്ചു. അതെ, ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ പുനര്‍ജനിക്കുകയാണ്. പെരുമാള്‍. ഓഗസ്റ്റ്‌ 1 എന്ന ഹിറ്റ്‌ ചിത്രത്തിന്റെ മോഡേണ്‍ പതിപ്പ് ആണ് ഓഗസ്റ്റ്‌ 15. 2011 മോഡല്‍ കൂളിംഗ്‌ ഗ്ലാസും, ഏറ്റവും പുതിയ ബുള്ളറ്റും  ആ മോഡേണ്‍ കാലഘട്ടത്തിന്‍റെ ഭാഗമാണ്. 
 
ഇനിയൊരു ഫ്ലാഷ് ബാക്ക്. 'ദ്രോണ' എന്ന ചിത്രത്തിന്‍റെ റീല്‍ നാട്ടിലെ പിള്ളേര്‍ക്ക് കൂടി കളിക്കാന്‍ വേണ്ടാത്ത ഒരു ദിവസം. സംവിധായകന്‍ ഷാജി കൈലാസ് തകര്‍ന്ന ഹൃദയവുമായി വീട്ടിലെ കോഴികള്‍ക്ക് ചോറ് കൊടുക്കുന്നു.ഭാര്യയും മലയാളിയുടെ പഴയ നായികയായ ആനി കൂടി അന്നേ ദിവസം ഒന്നും കഴിച്ചിട്ടില്ല എന്ന് ഓര്‍ക്കണം.ഈ സമയം, വീട്ടിലെ മൊബൈല്‍ ഒന്ന് ശബ്ദിച്ചു. ദ്രോണയുടെ നിര്‍മ്മാതാവ് എം.മണി ആണ് വിളിക്കുന്നത് എന്ന് കരുതി ഷാജി ആ വശത്തെക്കെ ചെവി കൊടുത്തില്ല.മൊബൈല്‍ സൌണ്ട് കാരണം പഠിക്കാന്‍ ബുദ്ധിമുട്ടിയ ആ വീട്ടിലെ കുഞ്ഞു കുട്ടി ഇതൊന്നും അറിയാതെ പോയി മൊബൈല്‍ എടുത്തു. ഗംഭീര്യമാര്‍ന്ന ആ സ്വരം ദൂരെ ഇരുന്നിട്ട് കൂടി ഷാജി തിരിച്ചറിഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നിര്‍മ്മാതാവ് മണിയെ ഒരിക്കല്‍ കൂടി രക്ഷപെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.അതിനു ചുക്കാന്‍ പിടിക്കാന്‍  ഷാജിയും വേണം എന്ന് മമ്മൂട്ടി പറഞ്ഞു.ഒരു വേളയില്‍ സിനിമ സംവിധാനം എന്ന പണി വരെ നിര്‍ത്തിയാലോ എന്ന് വിചാരിച്ചിരുന്ന ഷാജി അതോടെ തീരുമാനങ്ങളെ കാറ്റില്‍ പരത്തി, മലയാള സിനിമയ്ക്കു മറ്റൊരു സൂപ്പര്‍ ഹിറ്റ്‌ ഒരുക്കാനായി ഒരുങ്ങി.വീട്ടില്‍ വീണ്ടും അടുക്കളയില്‍ നിന്നും പുക പൊങ്ങി. ചോറ് മാറി വീട്ടില്‍ എങ്ങും ബിരിയാണിയുടെ മണം പരന്നു.പാവം കോഴികള്‍ വീണ്ടും പട്ടിണിയായി. മലയാളക്കരയാകെ ഒരു സൂപ്പര്‍ ഹിറ്റ്‌ മണം കാട്ടു തീ പോലെ പടര്‍ന്നു.
 
മാര്‍ച്ച്‌ 24. ബുള്ളറ്റിന്റെ കുടു കുടാ ശബ്ധത്തോടൊപ്പം എം. മണിയുടെ ഹൃദയവും ഇടിക്കുന്നു.ഓഗസ്റ്റ്‌ 15 റിലീസ് ഇന്നാണ്.ആദ്യ ഷോ തുടങ്ങി കഴിഞ്ഞു.അംഗ വൈകല്യം ബാധിച്ച മാതിരിയുള്ള നടപ്പും, കൂളിംഗ്‌ ഗ്ലാസ്‌ താഴെ വെക്കാതെയും വില്ലനെ  ഇടിക്കുന്ന നായകന്‍.ആദ്യ റിപ്പോര്‍ട്ട്‌ കേള്‍ക്കാന്‍ അക്ഷമയോടെ കാത്തിരിക്കുന്ന ഷാജി കൈലാസും, സൂപ്പര്‍ സ്റ്റാര്‍-ഉം. പ്രതീക്ഷ തെറ്റിയില്ല. പെട്രോള്‍ ഇല്ലാതെ കിതക്കുന്ന ബുള്ളെറ്റ് പോലെ കഥയില്ലാത്ത  ഷാജി കൈലാസ് പടവും കിതക്കുന്നു എന്ന ആദ്യ റിപ്പോര്‍ട്ട്‌ വ്യാപകമായി.മറ്റൊരു സൂപ്പര്‍ താര ചിത്രത്തിന്‍റെ പ്രതീക്ഷകള്‍ കൂടി അസ്തമിച്ചു.ഷാജി വീണ്ടും കോഴിക്കുള്ള ചോറുമായി അവറ്റകള്‍ക്ക് വട്ടം ഇരുന്നു. സ്വാമിജി പുതിയ അനേഷണ കുറിപ്പുകള്‍ എഴുതി തുടങ്ങി.മലയാള സിനിമയില്‍ വീണ്ടും പവനായികള്‍ ശവമായി കൊണ്ടേ ഇരിക്കുന്നു.
 
സൂപ്പര്‍സ്റ്റാര്‍ സിനിമകളെ മാത്രമേ മലയാള പ്രേക്ഷകര്‍ സ്നേഹിച്ചിട്ടുള്ളൂ.പുതിയ താരങ്ങളെ ഇഷ്ടപെടണമെങ്കില്‍ അവര്‍  തമിഴ്നാട്ടില്‍ നിന്നോ അങ്ങ് ആന്ത്രയില്‍ നിന്നോ മറ്റും വരണം.പക്ഷെ മലയാളത്തിലേക്ക് വരുന്ന പുതുമുഖങ്ങള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാം. ഉണങ്ങിയ അഭിനയവും 'അയ്യോ പാവം' മുഖവും പുതിയ താരങ്ങളുടെ ചിത്രങ്ങളെ സ്നേഹിക്കുന്നതില്‍ നിന്നും മലയാളി പ്രേക്ഷകരെ അകറ്റുന്നു. മാത്രവുമല്ല, നല്ല സംവിധായകരുടെ ചിത്രങ്ങളിലൂടെ എന്‍ട്രി കിട്ടാത്തതും ഇവര്‍ക്ക് അടിയാകുന്നു.നല്ല സിനിമകളെ പോലെ , നല്ല താരങ്ങളെയും   വരും കാല മലയാള സിനിമയ്ക്കു സംഭാവന ചെയ്യുക എന്നത് നിലവിലുള്ള സംവിധായകരുടെ കടമയാണ്.ഒരു പത്തു പതിനഞ്ചു വര്‍ഷത്തിനിടക്ക് വിരലില്‍ എണ്ണാവുന്ന നല്ല താരങ്ങളെ മാത്രമേ പ്രേക്ഷകന് ലഭിച്ചിട്ടുള്ളൂ. ശങ്കരാടി, പപ്പു, ഭരത് ഗോപി അങ്ങനെ ഇന്ത്യന്‍ സിനിമയ്ക്കു മുന്നില്‍ മലയാളത്തിന്‍റെ മഹത്വം ഉയര്‍ത്തി പിടിച്ച ഒരു പിടി കലാകാരന്മാരുടെ നീണ്ട നിരയുള്ള കൊച്ചു കേരളം.ഇന്ന് കൈലെഷ്, അസിഫ്, ജയസുര്യ  അങ്ങനെ, സ്വകാര്യ ചാനലുകളുടെ ബലത്തില്‍ മാത്രം പിടിച്ചു നില്‍ക്കുന്ന കലാകാരന്മാര്‍. സ്വന്തം നേട്ടങ്ങള്‍ക്ക്‌ മുന്നില്‍ ഒരു നാടിന്‍റെ അന്തസിനു  വില പറയുന്ന കുറെ മൂരാച്ചികളുടെ കൈയില്‍ അകപെട്ടു പോയി നമ്മുടെ സിനിമ.മുന്‍നിരയില്‍ ആരാലും തിരുത്തപെടാന്‍ കഴിയാത്ത കുറെ സംഘടനകള്‍.മാധ്യമങ്ങളുടെ മുന്നില്‍ ചിരിച്ചു വര്‍ത്തമാനം പറയുമ്പോഴും , കൂടെയുള്ളവനെ ഉയരത്തില്‍ പറക്കാന്‍ വിടാതെ കാലില്‍ ചവുട്ടി പിടിക്കുന്ന ഒരു കൂട്ടം പാരകള്‍. 
 
വര്‍ണങ്ങളുടെ ലോകത്ത് കരിങ്കൊടി നാട്ടാന്‍ കച്ച കെട്ടിയവര്‍ക്ക് നല്ല ബുദ്ധി തോന്നണേ എന്ന് നമ്മക്ക് ഈശ്വരനോട് അപേക്ഷിക്കാം ! 
 
by BmkMovies

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews